വ്യാജബിരുദങ്ങൾ തടയാൻ പുതിയ നിയമം തയാറാക്കുന്നു
text_fieldsഅഞ്ച് വർഷം വരെ തടവ്, 10,000 ദീനാർ വരെ പിഴ
കുവൈത്ത് സിറ്റി: വ്യാജ ബിരുദങ്ങൾ തടയാൻ കുവൈത്ത് പുതിയ നിയമങ്ങൾ തയാറാക്കുന്നു. ശിക്ഷകൾ കൂടുതൽ കർശനമാക്കിയാകും ഇത് നടപ്പിൽ വരുത്തുകയെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് നീക്കം. നിയമലംഘകർക്കെതിരെ അഞ്ച് വർഷം വരെ തടവ്, 10,000 കുവൈത്ത് ദിനാർ വരെ പിഴ, പൊതുസേവനത്തിൽ നിന്ന് പിരിച്ചുവിടൽ തുടങ്ങിയ നടപടികൾ സ്വീകരിക്കും. തൊഴിൽ വിപണിയെ സംരക്ഷിക്കുക, അക്കാദമിക് ബിരുദങ്ങളുടെ കൃത്യമായ അംഗീകാരം ഉറപ്പാക്കുക, സാമ്പത്തിക, പ്രൊഫഷണൽ നേട്ടങ്ങൾക്കായി സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യുന്നത് തടയുക എന്നിവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതുതായി ജോലിക്ക് അപേക്ഷിക്കുന്നവർ അവരുടെ തുല്യതാ സർട്ടിഫിക്കറ്റ് മന്ത്രാലയത്തിന് മുൻപാകെ സമർപ്പിക്കണം. സർട്ടിഫിക്കറ്റ് മന്ത്രാലയം പരിശോധിച്ച് അംഗീകരിക്കുന്നത് വരെ ഒരു വർഷം താൽകാലികമായി ജോലി ചെയ്യാം. എന്നാൽ മന്ത്രാലയം അനുമതി നിഷേധിച്ചാൽ ജോലിയിൽ തുടരാൻ കഴിയില്ല.
വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നവർക്ക് ഒരു വർഷം തടവും 1,000 മുതൽ 5,000 ദീനാർ വരെ പിഴയും സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുന്ന ഉദ്യോഗസ്ഥർക്ക് ഒരു വർഷം വരെ തടവും 3,000 മുതൽ 5,000 ദീനാർ വരെ പിഴയും ചുമത്തും.
വ്യക്തിപരമായ നേട്ടത്തിനാണ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചതെങ്കിൽ ശിക്ഷ മൂന്ന് വർഷം തടവും 10,000 ദീനാർ വരെ പിഴയും ആയി വർധിക്കും. കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർക്ക് അഞ്ച് വർഷം വരെ തടവും 10,000 ദീനാർ പിഴയും സർവീസിൽ നിന്ന് പിരിച്ചുവിടലും നേരിടേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

