പുതിയ ഇന്ത്യൻ അംബാസിഡർ പരമിത തൃപതി കുവൈത്തിലെത്തി
text_fieldsകുവൈത്ത് സിറ്റി: പുതിയ ഇന്ത്യൻ അംബാസിഡർ പരമിത തൃപതി തിങ്കളാഴ്ച കുവൈത്തിലെത്തി. ന്യുഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ടിക്കുകയായിരുന്ന പരമിത തൃപതിക്ക് നയതന്ത്രത്തിലും അന്താരാഷ്ട്ര ബന്ധങ്ങളിലും രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുണ്ട്. സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും ബ്രസ്സൽസ്, ടോക്കിയോ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാകിസ്താൻ, ഐക്യരാഷ്ട്രസഭ എന്നിവയുടെ ഡെസ്കുകളിൽ ഉൾപ്പെടെ ന്യൂഡൽഹിയിലെ പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ഇന്ത്യൻ ഫോറിൻ സർവീസിൽ പ്രവേശിക്കുന്നത്. ഐ.എഫ്.എസ് 2001 ബാച്ചിലെ അംഗമാണ്. ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനായ പ്രദ്യുമ്നനാണ് ഭർതാവ്.
കെനിയയിലെ ഹൈകമ്മീഷണറായി മുൻ അംബാസഡർ ഡോ.ആദർശ് സ്വൈകയെ നിയമിച്ചതിന് പിറകെയാണ് പരമിത ത്രിപതിക്ക് കുവൈത്ത് അംബാസിഡർ ചുമതലനൽകിയത്. തുടർന്ന് ഒക്ടോബർ 15 ന് രാഷ്‌ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവിൽ നിന്ന് യോഗ്യതപത്രങ്ങൾ സ്വീകരിച്ചു.
ത്രിപതിയുടെ നിയമനം കുവൈത്ത്-ഇന്ത്യ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്താനും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

