ഒരു മുറിയിൽ നാലിലധികം പേർ താമസിക്കരുതെന്ന് നിർദേശം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ തൊഴിലാളികൾക്കായി പുതിയ ഭവന മാർഗനിർദേശങ്ങൾ പുറത്തിറക്കി.
രാജ്യത്തെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാര്‍പ്പിട മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓരോ തൊഴിലാളിക്കും താമസ സ്ഥലത്ത് നിർദിഷ്ട ചതുരശ്ര അടി വിസ്തീർണം ഉറപ്പാക്കേണ്ടതാണ്. ഒരു മുറിയിൽ നാലിലധികം തൊഴിലാളികൾ താമസിക്കരുത്.
മുറികളിൽ തിങ്ങിത്താമസിക്കുന്നത് ഒഴിവാക്കുകയും വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. യോഗ്യമായ താമസസൗകര്യം ഒരുക്കാത്ത തൊഴിലുടമകൾ തൊഴിലാളികൾക്ക് ഹൗസിങ് അലവൻസ് നൽകണം.
കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്ക് ശമ്പളത്തിന്റെ 25 ശതമാനവും കൂടുതൽ ശമ്പളം ലഭിക്കുന്നവർക്ക് 15 ശതമാനവും അലവൻസ് നല്‍കണമെന്നാണ് മാൻപവർ പബ്ലിക് അതോറിറ്റി സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ച മാർഗനിർദേശത്തിൽ പറയുന്നത്. തൊഴിലുടമകൾ തൊഴിലാളികൾക്ക് താമസം ഒരുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ അനുമതി നേടണം. താമസ സൗകര്യം നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ചാണെന്ന് ഉറപ്പുവരുത്താനാണിത്. അതേസമയം, പുതുക്കിയ ഭവന മാർഗ നിർദേശം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. നല്ല താമസ സൗകര്യത്തിന് കൂടുതൽ വാടക നൽകേണ്ടി വരും.
ചെറിയ സൗകര്യങ്ങളിൽ ഞെരുങ്ങിക്കഴിഞ്ഞാണ് പതിനായിരക്കണക്കിന് കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ ശമ്പളത്തിൽനിന്ന് എന്തെങ്കിലും മിച്ചം വെക്കുന്നത്.
തൊഴിലുടമകൾ മികച്ച താമസ സൗകര്യം ഒരുക്കണമെന്ന നിർദേശം പ്രയോഗത്തിലാവുന്നതിനും ബുദ്ധിമുട്ടുണ്ട്. സ്വയം തൊഴിൽ ചെയ്യുന്നവരും ചെറിയ സ്ഥാപനങ്ങൾ നടത്തുന്നവരും പ്രതിസന്ധിയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

