പുതിയ മയക്കുമരുന്ന് നിയമം 15 മുതൽ; കടുത്ത ശിക്ഷയിൽ മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ മയക്കുമരുന്ന് നിയമം പ്രാബല്യത്തിൽ വരാനിരിക്കെ കുറ്റകൃത്യങ്ങളിലെ കടുത്തശിക്ഷയിൽ മുന്നറിയിപ്പ് നൽകി ഡി.സി.ജി.ഡി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർദും അസിസ്റ്റന്റ് ബ്രിഗേഡിയർ ജനറൽ ശൈഖ് ഹമദ് അൽയൂസുഫ് അൽസബയും.
ഈ മാസം 15 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.മയക്കുമരുന്ന് ഇറക്കുമതി, കടത്ത്, പ്രമോഷൻ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ, ജീവപര്യന്തം തടവ്, 20 ലക്ഷം ദീനാർ വരെ പിഴ എന്നീ ശിക്ഷകൾ വരെ ലഭിച്ചേക്കുമെന്ന് ഇരുവരും വ്യക്തമാക്കി. മുമ്പ് ഈ കുറ്റങ്ങൾക്ക് 10 മുതൽ 15 വർഷം വരെ തടവായിരുന്നു ശിക്ഷ.13 അധ്യായങ്ങളിലായി 84 വകുപ്പ് ഉൾക്കൊള്ളുന്ന പുതിയ നിയമം മയക്കുമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും ഏകീകരിക്കുന്നു. മയക്കുമരുന്നുകളുടെ ഉൽപാദനം, കൃഷി, നിർമാണം, ഇറക്കുമതി, കയറ്റുമതി, കൈവശംവെക്കൽ, വിൽപന, ഉപയോഗം എന്നിവ കർശനമായി നിയമം നിരോധിക്കുന്നു.
ചികിത്സ, ഗവേഷണം പോലുള്ള ആവശ്യങ്ങൾക്കാണ് അനുമതി ലഭിക്കുക. ഇത് സംബന്ധമായ എല്ലാ തീരുമാനങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. ഫാർമസ്യൂട്ടിക്കൽ നിർമാണത്തിന് ലൈസൻസുള്ള ഫാക്ടറികൾക്കു മാത്രമേ അനുമതി ലഭിക്കൂ. ചില സസ്യങ്ങളുടെ കൃഷി സർക്കാർ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ലൈസൻസുള്ള ഗവേഷണ കേന്ദ്രങ്ങൾക്കുമാത്രം അനുവദനീയമാണ്. മയക്കുമരുന്ന് വിരുദ്ധ ദേശീയ തന്ത്രം ഒരുക്കുന്നതിനായി' സുപ്രീം കൗൺസിൽ ഫോർ കോംബാറ്റിങ് ഡ്രഗ്സ്' രൂപവത്കരിക്കുമെന്ന് നിയമം പറയുന്നു.ആരോഗ്യ മന്ത്രാലയം പ്രത്യേക പുനരധിവാസ ആസക്തി ചികിത്സ കേന്ദ്രങ്ങൾ തുടങ്ങി 21 വയസ്സിന് താഴെയുള്ളവർക്കായി പ്രത്യേക വിഭാഗം ഒരുക്കണമെന്നും വ്യവസ്ഥയുണ്ട്. സ്വമേധയാ ചികിത്സ തേടുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കരുതെന്ന സംരക്ഷണവും നിയമം നൽകുന്നു. ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക്, ലൈസൻസുള്ള ഏതൊരു സ്ഥാപനത്തിലും പ്രവേശിച്ച് പരിശോധന നടത്താനുള്ള അധികാരവും പുതിയ നിയമം അനുവദിക്കുന്നു.അതിനിടെ, ഈ വർഷം ഡിസംബർ ഒന്നു വരെ മയക്കുമരുന്ന് കേസുകളിൽപ്പെട്ടതിനെ തുടർന്ന് 1,063 പ്രവാസികളെ നാടുകടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

