ഇന്ത്യ- കുവൈത്ത് ചർച്ച; വ്യാപാരം, പ്രതിരോധം, സാംസ്കാരിക ബന്ധം എന്നിവ ശക്തമാകും
text_fieldsഇന്ത്യയും കുവൈത്തും തമ്മിലുള്ള ഏഴാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചനയിൽനിന്ന്
കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഏഴാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചന ന്യൂഡൽഹിയിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്നു. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കുവൈത്ത് സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഒപ്പുവെച്ച ധാരണപത്രങ്ങളുടെ തുടർനടപടികളിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്. കുവൈത്ത് ഏഷ്യൻ കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും കമ്മിറ്റി റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ജൗഹർ ഹയാത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച.
സാമ്പത്തികം, വ്യാപാരം, നിക്ഷേപം, സാംസ്കാരികം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം ചർച്ചയിൽ വന്നതായി സമീഹ് ജൗഹർ ഹയാത്ത് പറഞ്ഞു. ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, സിവിൽ വ്യോമയാനം, എണ്ണ, പുനരുപയോഗ ഊർജ്ജം, വ്യവസായം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യ സംരക്ഷണം, മെഡിക്കൽ സേവനങ്ങൾ എന്നിവയെക്കുറിച്ചും ചർച്ചകൾ നടന്നു.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനം കുവൈത്ത്-ഇന്ത്യ ബന്ധത്തെ ശക്തിപ്പെടുത്തിയെന്ന് ഹയാത്ത് സൂചിപ്പിച്ചു. കൂടുതൽ ഉന്നതതല സന്ദർശനങ്ങൾ, വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കുവൈത്തും ഇന്ത്യയും സമാന വീക്ഷണങ്ങൾ പങ്കിടുന്നുണ്ട്. പത്ത് ലക്ഷത്തിലധികം വരുന്ന കുവൈത്തിലെ ഇന്ത്യൻ സമൂഹം, വിവിധ മേഖലകളിലെ ഇന്ത്യൻ തൊഴിലാളികളുടെ പങ്ക് എന്നിവയും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിശ്അൽ അൽ ഷമാലി, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക, ന്യൂഡൽഹിയിലെ കുവൈത്ത് എംബസി കൗൺസിലർ ഫവാസ് അൽ ഖഹ്താനി, നയതന്ത്ര അറ്റാഷെമാരായ ഷരീഫ ബൊഖുദൂർ, അൽതാഫ് ഡാൻബോ എന്നിവരും യോഗത്തിൽ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

