വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുക -കിരീടാവകാശി
text_fieldsസത്യപ്രതിജ്ഞക്കുശേഷം പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന ആദ്യ മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളും ജനങ്ങളുടെ സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നതിന് സർക്കാർ പരമാവധി ശ്രമിക്കണമെന്ന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. കുവൈത്തിന്റെ ഉന്നതമായ താൽപര്യങ്ങൾ കാബിനറ്റ് അംഗങ്ങൾ ഉൾപ്പെടെ എല്ലാ പൗരൻമാരുടെയും മനസ്സിൽ ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഉണർത്തി. സത്യപ്രതിജ്ഞക്കുശേഷം പുതിയ മന്ത്രിസഭ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കിരീടാവകാശി.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ അദ്ദേഹം മന്ത്രിസഭ അംഗങ്ങളെ അറിയിച്ചു. രാജ്യത്തെ ഉന്നത നേതൃത്വം പുതിയ സർക്കാറിലെ അംഗങ്ങളിൽ വിശ്വാസമർപ്പിച്ചതായി കിരീടാവകാശി പറഞ്ഞു. വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും രാജ്യത്തെ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്താനും മന്ത്രിമാരോട് അഭ്യർഥിച്ചു. പരിഷ്കാരങ്ങളുടെ പ്രാധാന്യവും അവ നടപ്പാക്കാനുള്ള വഴികൾ തേടലും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പുതിയ സർക്കാറിൽ കുവൈത്ത് നേതൃത്വത്തിനുള്ള വിശ്വാസത്തിന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് നന്ദി പറഞ്ഞു. കുവൈത്തിനും ജനങ്ങൾക്കും അഭിവൃദ്ധിയും വികസനവും കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികളും താനും തന്റെ മന്ത്രിസഭയും പിന്തുടരുമെന്ന് ശൈഖ് അഹ്മദ് അൽ നവാഫ് പ്രതിജ്ഞയെടുത്തു. എല്ലാവർക്കും ക്ഷേമവും സന്തോഷവും ഉറപ്പാക്കാൻ എല്ലാ തുറകളിലുമുള്ള ആളുകളെ സർക്കാർ സേവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഞായറാഴ്ചയാണ് ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ നിലവിൽ വന്നത്.സത്യപ്രതിജ്ഞക്കുശേഷം പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ആദ്യ മന്ത്രിസഭ യോഗം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

