പുതിയ വിമാനത്താവളം 2021ൽ പ്രവർത്തനക്ഷമമാകും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നിർമാണം പുരോഗമിക്കുന്ന പുതിയ വിമാനത്താവളം 2021 അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അണ്ടർ സെക്രട്ടറി അവാതിഫ് അൽ ഗുനൈം. പദ്ധതിയുടെ പുരോഗതി വിലയിരുത്തി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ 10 ശതമാനം പ്രവൃത്തികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. കരാർപ്രകാരമുള്ള സമയനിഷ്ഠ പാലിച്ചുകൊണ്ടാണ് നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. റൺവേ നിർമാണവുമായി ബന്ധപ്പെട്ട ടെൻഡർ ഉടൻ ഉണ്ടാവും.
250 ദശലക്ഷം ദീനാറാണ് വിമാനങ്ങളുടെ പാർക്കിങ് സൗകര്യങ്ങൾക്കുവേണ്ടി വിലയിരുത്തിയിരിക്കുന്നതെന്നും അവാതിഫ് അൽ ഗുനൈം കൂട്ടിച്ചേർത്തു. തുർക്കി കമ്പനിയായ ലീമാർക്ക് ആണ് പുതിയ വിമാനത്താവള പദ്ധതി ഏറ്റെടുത്തത്. അതിനിടെ, രാജ്യത്തെ മറ്റൊരു വൻകിട പദ്ധതിയായ ജാബിർ പാലത്തിെൻറ നിർമാണം അടുത്ത വർഷം നവംബർ ആദ്യത്തോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രാലയത്തിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് കാര്യ അതോറിറ്റി മേധാവി അഹ്മദ് അൽ ഹസ്സാൻ പറഞ്ഞു. പാലം പദ്ധതിയുടെ 97 ശതമാനം ഇതിനകം പൂർത്തിയായിട്ടുണ്ട്. ശേഷിച്ച നിർമാണപ്രവൃത്തികൾ സമയബന്ധിതമായി പുരോഗമിക്കുകയാണെന്നും അഹ്മദ് അൽ ഹസ്സാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
