കുവൈത്ത് സിറ്റി: കുവൈത്തിന്റെ വടക്കൻ മേഖലയിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കുവൈത്ത് മുനിസിപ്പാലിറ്റി ശ്രമം തുടങ്ങി. മുനിസിപ്പൽ കൗൺസിൽ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പ്രത്യേക യോഗം ചേർന്നു. മുത്ല ഭാഗത്ത് സൈനിക, വാണിജ്യ വിമാനത്താവളം എന്ന നിലയിൽ ചെറിയതൊന്ന് നിർമിക്കുന്നിനെ കുറിച്ചാണ് ആലോചിക്കുന്നത്.
രാജ്യത്തിന്റെ വടക്കൻ മേഖലയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ജനസംഖ്യാപരവും പാരിസ്ഥിതികവുമായ കാരണങ്ങളാൽ ഇത് ബുദ്ധിമുട്ടാണെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധിച്ചു. വിശദമായ പഠനത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ കണ്ടെത്തുകയായിരുന്നു. പിന്നീട് തെക്കൻ ഭാഗത്തേക്ക് മാറ്റാൻ ആലോചന നടന്നു.
എന്നാൽ, ഇതും പ്രായോഗികമല്ലെന്ന് വിലയിരുത്തി. ഒടുവിൽ മുത്ല ഭാഗത്ത് ചെറിയ വിമാനത്താവളം എന്ന പദ്ധതിയുമായി മുന്നോട്ടുപോകാൻ ധാരണയാവുകയായിരുന്നു.
അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതും വിശദമായ പഠനവും ഉൾപ്പെടെ ഒട്ടേറെ കടമ്പകൾ ഇതിനുമുണ്ട്.