നീറ്റ് പരീക്ഷ റദ്ദാക്കൽ; നിരാശയിൽ പ്രവാസി വിദ്യാർഥികൾ
text_fieldsകുവൈത്ത് സിറ്റി: ദേശീയ മെഡിക്കൽ യോഗ്യതാ പരീക്ഷ (നീറ്റ് യു.ജി) റദ്ദാക്കിയ തീരുമാനത്തിൽ കടുത്ത നിരാശയിലും ആശങ്കയിലും കുവൈത്തിലെ പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത്, പരീക്ഷയെഴുതിയ വിദ്യാർഥികളാണ് പരീക്ഷ റദ്ദാക്കിയതോടെ പ്രയാസത്തിലായത്.കുവൈത്തിൽ പരീക്ഷയെഴുതിയ പല വിദ്യാർഥികളും ഉന്നത തുടർപഠനത്തിന്റെ പ്രതീക്ഷകളുമായി ഇതിനകം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഈ വിദ്യാർഥികൾ പരീക്ഷ എഴുതാൻ വീണ്ടും കുവൈത്തിൽ തിരിച്ചെത്തണം.
നാട്ടിലെ വിവിധ സെന്ററുകളിൽ പരീക്ഷ എഴുതി ഗൾഫ് നാടുകളിൽ തിരിച്ചെത്തിയവർക്ക് പുന:പരീക്ഷക്കായി വീണ്ടും തിരിച്ചും യാത്ര ചെയ്യണം. കുട്ടികൾകൊപ്പം രക്ഷിതാക്കളും യാത്രചെയ്യേണ്ടിയും വരുമെന്നതിനാൽ ഇത് വലിയ സാമ്പത്തിക നഷ്ടവും സമയ നഷ്ടവും സൃഷ്ടിക്കും. കുവൈത്തിലേക്കുള്ള വിമാന സർവിസുകൾ പൂർണമായും പുനരാരംഭിച്ചിട്ടില്ല എന്നതും വിദ്യാർഥികൾക്ക് തടസ്സമാണ്. ഇതിനാൽ വിദ്യാർഥികൾക്ക് നാട്ടിലോ കുവൈത്തിലോ സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
വേനലവധിക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത് തയാറെടുക്കുന്ന പ്രവാസി കുടുംബങ്ങളെയും പരീക്ഷ റദ്ദാക്കിയത് പ്രയാസത്തിലാക്കുന്നു. കനത്ത വിമാന ടിക്കറ്റ് നിരക്കുള്ള സമയത്ത് യാത്ര റദ്ദാക്കുന്നതും പുനക്രമീകരിക്കുന്നതും പ്രവാസി കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. പരീക്ഷ റദ്ദാക്കിയ നടപടി കുട്ടികളുടെ മാനസിക വീര്യത്തെയും ബാധിച്ചിട്ടുണ്ട്. നേരത്തെ മികച്ച രീതിയിൽ എഴുതിയവർക്ക് അടുത്ത തവണ അതേ പ്രകടനം കഴ്ചവെക്കാനാകുമോ എന്നാണ് സംശയം. പുതിയ പരീക്ഷയും ഫലപ്രഖ്യാപനവും നീളുന്നതോടെ ഈ അധ്യയന വർഷത്തെ മെഡിക്കൽ പ്രവേശനം വൈകുമെന്ന ആധിയും ഉണ്ട്.
പുന:പരീക്ഷക്കായി വിദ്യാർഥികൾക്ക് അധിക പരീക്ഷാ ഫീസ് ഈടാക്കില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) അറിയിച്ചിട്ടുണ്ടെങ്കിലും പ്രവാസികളുടെ ലക്ഷങ്ങൾ വരുന്ന യാത്രാ ചെലവുകൾക്ക് ആര് മറുപടി നൽകുമെന്ന ചോദ്യം അവശേഷിക്കുന്നു. പ്രവാസി വിദ്യാർഥികളുടെ ഈ പ്രത്യേക സാഹചര്യം പരിഗണിച്ചു പുതിയ തീയതി വേഗത്തിൽ പ്രഖ്യാപിക്കണമെന്നാണ് പ്രവാസി സംഘടനകളുടെയും രക്ഷിതാക്കളുടെയും ആവശ്യം. മേയ് മൂന്നിനാണ് നീറ്റ് പരീക്ഷ നടന്നത്. കുവൈത്തിൽ അബ്ബാസിയയിലെ ഭാരതീയ വിദ്യാഭവൻ ആയിരുന്നു പരീക്ഷ കേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

