ഉപഭോക്തൃ പരാതികൾക്കായി പ്രത്യേക പോർട്ടൽ വേണമെന്ന് ആവശ്യം
text_fieldsമനാമ: രാജ്യത്തെ ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പരാതികൾ ഫയൽ ചെയ്യാനും അവയുടെ പുരോഗതി ട്രാക്ക് ചെയ്യാനും പ്രത്യേക ഓൺലൈൻ പോർട്ടൽ ആരംഭിക്കണമെന്ന് പാർലമെന്റിൽ ആവശ്യം. ചൊവ്വാഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിൽ എം.പി. മുഹമ്മദ് സൽമാൻ അൽഅഹമ്മദാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.
വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലയും ഉപഭോക്താവിൽനിന്ന് ഈടാക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
2025ൽ മാത്രം വിലവിവരപ്പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 1,937 നിയമലംഘനങ്ങൾ മന്ത്രാലയം രേഖപ്പെടുത്തി. 2023ൽ ഇത് 3,400 ആയിരുന്നു. ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റിൽ ലഭിച്ച പരാതികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 2023ൽ 7,676 പരാതികൾ ലഭിച്ചപ്പോൾ 2025ൽ അത് 6,429 ആയി ചുരുങ്ങി. ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ ലഭിക്കുന്നത്. വാഹനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയാണ് തൊട്ടുപിന്നിൽ.
ഇത്തരം തട്ടിപ്പുകൾ തടയാൻ വ്യാപാരികളുടെ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷ്മപരിശോധന വേണമെന്നും നിർദേശത്തിൽ ആവശ്യപ്പെട്ടു. പരാതികൾ സമർപ്പിക്കാൻ നിലവിൽ സംവിധാനങ്ങൾ ഉണ്ടെങ്കിലും ഒരു ഏകീകൃത പോർട്ടൽവഴി പരാതിയുടെ നിലവിലെ അവസ്ഥ തത്സമയം അറിയാൻ ഉപഭോക്താക്കൾക്ക് സാധിക്കണം. പല പരാതികളും അഡ്മിനിസ്ട്രേറ്റിവ് സ്വഭാവമുള്ളതാണെന്നും അവ പൊതുപ്രോസിക്യൂഷന് കൈമാറുന്ന നടപടികൾ സുതാര്യമാകണമെന്നും എം.പി. മുഹമ്മദ് സൽമാൻ അൽ അഹമ്മദ് ചൂണ്ടിക്കാട്ടി. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാനും കൃത്യമായ പരിശോധനകൾ ഉറപ്പാക്കാനും മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് കൂടുതൽ ജാഗ്രത വേണമെന്നും സഭയിൽ ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

