ഇന്ത്യയുമായുള്ള ബന്ധം ആഴത്തിലുള്ളത് -എൻ.സി.സി.എ.എൽ മേധാവി
text_fieldsപ്രദർശനത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത്-ഇന്ത്യ ബന്ധം ആഴത്തിലുള്ള ധാരണയുടെയും സാംസ്കാരിക വിനിമയത്തിന്റെയും സവിശേഷമായ മാതൃകയാണെന്ന് കുവൈത്ത് നാഷനൽ സെന്റർ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻ.സി.സി.എ.എൽ) സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ജസ്സാർ. ഇന്ത്യ-കുവൈത്ത് ബന്ധത്തിന്റെ 250 വർഷങ്ങൾ ആഘോഷിക്കുന്ന പ്രദർശനത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് അൽ ജസ്സാറിന്റെ പരാമർശം. ജനങ്ങൾക്കിടയിലുള്ള ബന്ധം വർധിപ്പിക്കുന്നതിൽ സംസ്കാരത്തിന്റെയും കലയുടെയും പങ്ക് അദ്ദേഹം സൂചിപ്പിച്ചു.
1775ൽ കുവൈത്തിന്റെ കപ്പൽ ആദ്യമായി ഇന്ത്യയിലെ തുറമുഖങ്ങളിലെത്തി. അതിനുശേഷം കുവൈത്ത് പടിഞ്ഞാറിനും കിഴക്കിനും ഇടയിൽ വിശാലമായ ഒരു വ്യാപാര ഗതാഗത ശൃംഖല സ്ഥാപിച്ചു. കുവൈത്തിനെ ഒരു സുപ്രധാന വ്യാപാര പാതയാക്കി മാറ്റിയതായും അദ്ദേഹം പറഞ്ഞു.
നിരവധി കുവൈത്ത് കുടുംബങ്ങൾ ഇന്ത്യയിലെ തുറമുഖങ്ങൾക്ക് സമീപം താമസിച്ചിരുന്നു. അറേബ്യൻ ഗൾഫ് തുറമുഖങ്ങളിലേക്ക് ഭക്ഷണം, മരം തുടങ്ങിയ ഒന്നിലധികം സുപ്രധാന വസ്തുക്കൾ കയറ്റുമതി ചെയ്യുന്ന ജോലികൾ ഇവർ ചെയ്തിരുന്നതായും മുഹമ്മദ് അൽ ജസ്സാർ പറഞ്ഞു.
കുവൈത്ത്-ഇന്ത്യ ബന്ധം ആഴമേറിയതും ശക്തവുമാണെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക പറഞ്ഞു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈത്തപ്പഴം, മുത്തുകൾ എന്നിവയുമായി കുവൈത്ത് കപ്പൽ ഇന്ത്യയിലെ തുറമുഖങ്ങളിൽ എത്തിയതോടെയാണ് വാണിജ്യ ബന്ധം ആരംഭിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

