ധനമന്ത്രി നായിഫ് ഹജ്റുഫ് അവിശ്വാസ പ്രമേയം അതിജയിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫ് പാർലമെൻറിൽ അവിശ്വാസ പ്രമേയത്തെ അതിജയിച്ചു. സഭയിൽ ഹാജരായ 48 പേരിൽ 16 എം.പിമാർ അവിശ്വാസത്തെ അനുകൂലിച്ച് വോട്ടുചെയ്തപ്പോൾ 32 പേർ മന്ത്രിയെ പിന്തുണച്ചു. പെൻഷൻകാർക്ക് സോഷ്യൽ സെക്യൂരിറ്റി ഫണ്ടിൽനിന്ന് വായ്പയെടുത്ത തുകക്ക് പലിശ ഇൗടാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഇസ്ലാമിക് കക്ഷിയിലെ എം.പിയായ മുഹമ്മദ് ഹായിഫ് മന്ത്രിക്കെതിരെ കുറ്റവിചാരണ സമർപ്പിച്ചത്. ഇതേ തുടർന്ന് 10 എം.പിമാർ ഒപ്പിട്ട അവിശ്വാസ പ്രമേയം സമർപ്പിക്കുകയായിരുന്നു. ഇവരെ കൂടാതെ ആറുപേരുടെ പിന്തുണ മാത്രമാണ് മന്ത്രിയെ എതിർക്കുന്നവർക്ക് സമ്പാദിക്കാൻ കഴിഞ്ഞുള്ളൂ.
രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് മന്ത്രി നായിഫ് അൽ ഹജ്റുഫ് കുറ്റവിചാരണ നേരിട്ടത്. രണ്ടാഴ്ച മുമ്പ് റിയാദ് അൽ അദസാനി, ബദ്ർ അൽ മുല്ല എന്നീ എം.പിമാർ ധനമന്ത്രിയെ കുറ്റവിചാരണ നടത്തിയിരുന്നു. ജൂൺ 11ന് മണിക്കൂറുകൾ നീണ്ട ചർച്ച നടന്നെങ്കിലും എം.പിമാർ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നില്ല. പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ബജറ്റ് നിശ്ചയിച്ചതിനേക്കാൾ ചെലവുകൾ അധികരിച്ചതും വിദേശരാജ്യങ്ങളിലെ നിക്ഷേപങ്ങളിലുണ്ടായ നഷ്ടവും ആയിരുന്നു അന്നത്തെ കുറ്റവിചാരണയുടെ കാരണം. അതിനിടെ അവിശ്വാസത്തെ അതിജയിച്ച മന്ത്രിയെ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
