മഴ മരണവും നാശനഷ്ടവും: ഒമാന്‍ ഐക്യദാർഢ്യവുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കനത്ത മഴയെ തുടർന്ന് ഒമാനിൽ നിരവധി പേർ മരണപ്പെട്ടതിലും നാശനഷ്ടങ്ങളിലും കുവൈത്ത് അനുഭാവവും ഐക്യദാർഢ്യവും അറിയിച്ചു. സംഭവത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് അനുശോചന സന്ദേശം അയച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ ബന്ധങ്ങളെ ആശ്വസിപ്പിച്ച അമീർ പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഒമാൻ ജനത ഈ പ്രകൃതി ദുരന്തത്തെ വേഗത്തിൽ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു. പ്രധാനമന്ത്രിയും ഒമാന്റെ ദുഖത്തിൽ പങ്കാളിയാകുന്നതായി വ്യക്തമാക്കി. ദുരന്ത ഫലമായുണ്ടാകുന്ന പ്രയാസകരമായ സാഹചര്യങ്ങളെ തരണം ചെയ്യാൻ ഒമാനിലെ സഹോദരങ്ങൾക്ക് കഴിയട്ടെയെന്നും ഐക്യദാർഢ്യം അറിയിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ദാരുണമായ സംഭവത്തിൽ ഒമാൻ സർക്കാറിനോടും ജനങ്ങളോടും മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നതായും അറിയിച്ചു. ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ഞായറാഴ്ചയാണ് ദുരിതം വിതച്ച് ശക്തമായ കാറ്റും മഴയും ആരംഭിച്ചത്. ശക്തമായ മഴയിലും തുടർന്നുണ്ടായ വാദിയിലും അകപ്പെട്ട് മലയാളിയുൾപ്പെടെ ഇതുവരെ 15 പേർ മരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും തുടർന്ന മഴ ചൊവ്വാഴ്ചയിലേക്കു നീളുമെന്നാണ് സൂചന.
കുവൈത്തില്‍ ഇന്ന് മഴക്ക് സാധ്യത
കുവൈത്ത് സിറ്റി: ചൊവ്വാഴ്ച രാജ്യത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. ബുധനാഴ്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നും താപനില ഉയരുമെന്നും ഇസ റമദാൻ പറഞ്ഞു. കാലാവസ്ഥയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, തിങ്കളാഴ്ച രാജ്യത്ത് മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. രാവിലെ മുതൽ പലയിടത്തും ചാറ്റൽ മഴ ലഭിച്ചു. പകൽ മുഴുവൻ ആകാശം കാർമേഘങ്ങൾ നിറഞ്ഞതായിരുന്നു. രാത്രിയോടെ തെക്കുകിഴക്കൻ കാറ്റും കൂടുതൽ സജീവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

