ഫഹാഹീൽ നാഷനൽ സ്കൂൾ പൂട്ടുന്നു; 4,300 വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ
text_fieldsഫഹാഹീൽ നാഷനൽ സ്കൂൾ കെട്ടിടം
കുവൈത്ത് സിറ്റി: ഫഹാഹീൽ നാഷനൽ സ്കൂൾ അടച്ചുപൂട്ടുന്നതായി അറിയിപ്പ് ലഭിച്ചത് 4,300 വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലാക്കി. കെട്ടിടത്തിെൻറ ശോച്യാവസ്ഥ കാരണം സ്കൂൾ പൂട്ടുന്നതായും കുട്ടികളെ അടുത്ത അക്കാദമിക വർഷത്തിൽ പുതിയ സ്കൂളിൽ ചേർത്തോളാനും രക്ഷാകർത്താക്കൾക്ക് സ്കൂൾ അധികൃതർ അറിയിപ്പ് നൽകി. താഴ്ന്ന വരുമാനക്കാരായ ബിദൂനികളുടെയും അറബ് വംശജരായ വിദേശികളുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിലധികവും. മോഡൽ സ്കൂളിലേക്ക് മാറ്റാൻ പലർക്കും സാമ്പത്തിക ശേഷിയില്ല അടുത്ത് സ്കൂളുകളിൽ ഇല്ലാത്തതും പ്രതിസന്ധിയാണ്.
അക്കാദമിക വർഷം പടിവാതിലിൽ എത്തിനിൽക്കെ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് രക്ഷാകർത്താക്കൾ. വഫ്ര, സബാഹ് അൽ അഹ്മദ്, ഫഹാഹീൽ, അഹ്മദി, മുബാറക് അൽ കബീർ ഭാഗത്തെ കുട്ടികളാണ് അധികവും. കഴിഞ്ഞമാസം വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അലി അൽ യഅഖൂബിെൻറ നേതൃത്വത്തിൽ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു.
താൽക്കാലിക അറ്റകുറ്റപ്പണി നടത്തി ഒരു വർഷം കൂടി സ്കൂൾ പ്രവർത്തിക്കുക എന്നതാണ് യോഗത്തിൽ ഉയർന്ന അഞ്ചു നിർദേശങ്ങളിലൊന്ന്. ശോച്യാവസ്ഥയിലായ കെട്ടിടത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതും ആശങ്കയുയർത്തുന്നുണ്ട്. ഫീസ് നിരക്കിൽ മാറ്റമില്ലാതെ മറ്റു സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റുകയെന്നതാണ് മറ്റൊരു നിർദേശം. ഇതിനു മറ്റു സ്കൂളുകൾ സഹകരിക്കണം.
ഇവിടത്തെ കുട്ടികൾക്കായി പുതിയ സ്കൂൾ തുറക്കുകയെന്ന നിർദേശം ഉയർന്നെങ്കിലും നടക്കാൻ സാധ്യതകുറവാണ്. അഹ്മദി എജുക്കേഷനൽ സോണിൽ പൂട്ടിക്കിടക്കുന്ന സർക്കാർ സ്കൂളുകളിലൊന്ന് ഒരു വർഷത്തേക്ക് നാഷനൽ സ്കൂൾ മാനേജ്മെൻറിന് വിട്ടുനൽകുകയെന്ന നിർദേശവുമുണ്ട്.നാഷനൽ സ്കൂളിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിക്കുക എന്നതാണ് അഞ്ചാമത്തെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

