ഫെബ്രുവരി രാജ്യത്തിന് ആഘോഷമാസം
text_fieldsദേശീയ-വിമോചന ആഘോഷങ്ങൾക്ക് തുടക്കമിട്ട ചടങ്ങിൽ ദേശീയ പതാകയുമായി നീങ്ങുന്ന കുട്ടികൾ
കുവൈത്ത് സിറ്റി: കുവൈത്തിന് ഫെബ്രുവരി ആഘോഷത്തിന്റെ മാസമാണ്. ദേശീയ-വിമോചന ദിനങ്ങൾ ഒരുമിക്കുന്ന മാസം. അഭിമാനത്തിന്റെയും വിജയത്തിന്റെയും മാസമായി കുവൈത്ത് ജനത ഫെബ്രുവരിയെ ആഘോഷിക്കുന്നു. ബുധനാഴ്ച രാവിലെ പത്തിന് ബയാൻ പാലസിലും ആറ് ഗവർണറേറ്റുകളിലും ദേശീയ പതാക ഉയർന്നതോടെ ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായി. ഫെബ്രുവരി 25, 26 ദിവസങ്ങളിലാണ് രാജ്യം ദേശീയ-വിമോചന ദിനമായി ആഘോഷിക്കുന്നത്. അതിനായുള്ള മുന്നൊരുക്കങ്ങൾക്കു രാജ്യം ഒരുങ്ങികഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് കൊടിതോരണങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലായിടങ്ങളിലും ഇവ ദൃശ്യമായി തുടങ്ങും.
കുവൈത്തിന്റെ വസന്തോത്സവം കൂടിയാണ് ‘ഹല ഫെബ്രുവരി’. ഒരുമാസമായി നടക്കുന്ന ആഘോഷത്തിൽ രാജ്യത്തെ ടൂറിസം, ഷോപ്പിങ് മേഖലക്ക് ഉണർവേകുന്ന നിരവധി പരിപാടികളുണ്ടാവും. കുവൈത്ത് സിറ്റി, സാൽമിയ ഭാഗങ്ങളിലാകും പരിപാടികളുടെ പ്രധാന ഇടങ്ങൾ. ഗ്രീൻ ഐലൻഡിലും നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വൈകുന്നേരങ്ങളിൽ വിവിധ ഷോപ്പിങ് കേന്ദ്രങ്ങളിൽ കലാ, വിനോദ പരിപാടികൾ നടക്കും. ബൗദ്ധിക, സാംസ്കാരിക, കലാ മേഖലയിലെ പ്രമുഖരും ആഘോഷത്തിന്റെ ഭാഗമാകാനെത്തും. വിനോദ പരിപാടികളുടെയും കായിക മത്സരങ്ങളുടെയും ചിത്രം ഏതാനും ദിവസങ്ങൾക്കകം തെളിയും.
1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. ഈ ദിനത്തിലാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്. 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റി. രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിന്റെ ശിൽപി എന്നറിയപ്പെടുന്ന, 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടന്ന ഫെബ്രുവരി 25െൻറ സ്മരണയിലാണ് ഈ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിച്ചത്. 1991 ഫെബ്രുവരി 26ന് ഇറാഖി അധിനിവേശത്തിൽ മുക്തി നേടിയതിന്റെ ഓർമക്കാണ് വിമോചന ദിനം ആഘോഷിക്കുന്നത്. ഇതോടെ ഫെബ്രുവരി 25, 26 തീയതികൾ രാജ്യത്തിന് ദേശീയ ആഘോഷ ദിനങ്ങളായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

