സൈബർ തട്ടിപ്പിനെതിരെ ദേശീയ സൈബർ സുരക്ഷ കേന്ദ്രം മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ സൈബർ സുരക്ഷാ കേന്ദ്രം. ഇലക്ട്രോണിക് സുരക്ഷ ഭീഷണികളോ ആക്രമണങ്ങളോ ഉണ്ടെങ്കില്‍ ഉടൻ വിവരം കൈമാറണമെന്ന് മന്ത്രാലയങ്ങളോടും സർക്കാർ ഏജൻസികളോടും സൈബർ സെക്യൂരിറ്റി അധികൃതര്‍ അഭ്യർഥിച്ചു.
അപകടങ്ങൾ ലഘൂകരിക്കുന്നതിന്റെയും സർക്കാർ പ്ലാറ്റ്ഫോമുകളെയും ഏജൻസികളെയും ലക്ഷ്യമിടുന്ന സൈബർ ആക്രമണങ്ങളോട് ഉടനടി പ്രതികരിക്കുന്നതിന്റെയും ഭാഗമായാണ് മുന്നറിയിപ്പ്.
സർക്കാർ വെബ്സൈറ്റുകളെയും നെറ്റ്വർക്കുകളെയും സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഇത് അനിവാര്യമാണെന്നും സൈബർ സുരക്ഷ കേന്ദ്രം ഉണർത്തി. സൈബർ സുരക്ഷ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭ നേരത്തെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
യുവജനങ്ങൾക്ക് സംഘടിപ്പിക്കുന്ന സൈബർ സുരക്ഷ മത്സരമായ ‘കുവൈത്ത് ഹാക്കത്തോൺ -2024’ന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായും അറിയിച്ചു. നവംബർ 30ന് ഷദാദിയ യൂനിവേഴ്സിറ്റിയിലാണ് ഹാക്കത്തോൺ. ഒക്ടോബർ 27 മുതൽ നവംബർ 14 വരെയാണ് പരിശീലന ക്യാമ്പ്. നവംബർ 17 മുതൽ 20 വരെ രാജ്യാന്തര സൈബർ സുരക്ഷ വിദഗ്ധരുമായി ശിൽപശാലകൾ, നവംബർ 28ന് ഇൻഫർമേഷൻ സെഷൻ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

