ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്: കേരളത്തിനു വേണ്ടി കളിക്കാന്‍ കുവൈത്ത് വിദ്യാർഥിനിയും
text_fieldsകുവൈത്ത് സിറ്റി: ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി കളിക്കാന്‍ കുവൈത്ത് വിദ്യാർഥിനിയും. സെപ്റ്റംബർ 14 മുതൽ 19 വരെ ഹൈദരാബാദിൽ നടക്കുന്ന സബ് ജൂനിയർ നാഷനൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കാനുള്ള അവസരം നേഹ സൂസൻ ബിജുവിന് കൈവന്നത്.
കുവൈത്തില്‍നിന്ന് ആദ്യമായാണ് ഒരു വിദ്യാർഥി ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്. ജൂലൈ 20 മുതൽ 23 വരെ കൊല്ലം കരുനാഗപ്പള്ളിയില്‍ നടന്ന കേരള സംസ്ഥാന ജൂനിയർ (അണ്ടർ 15 ആൻഡ് 17) ചാമ്പ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിൽ വിജയിച്ചിരുന്നു.
ബാഡ്മിന്റൺ ദേശീയ ചാമ്പ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിൽ ചേസ് സിജോയ്ക്കൊപ്പമാണ് നേഹ പങ്കാളിയാകുക. കുവൈത്ത് ഇന്ത്യൻ എജുക്കേഷനൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് നേഹ. കുവൈത്തിലും ഇന്ത്യയിലും നടന്ന വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടം നേടിയിരുന്നു. കുവൈത്തിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബുകളായ ഐബാക്ക്, ഐ-സ്മാഷ് എന്നിവിടങ്ങളിലെ ട്രെയിനിങ് ക്യാമ്പുകളില്‍ നേഹ പങ്കെടുത്തിരുന്നു.

