591 പേരുകൾ റദ്ദാക്കി; തെരുവുകളുടെയും റോഡുകളുടെയും പേരുകൾ ഇനി നമ്പർ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ തെരുവുകളുടെയും റോഡുകളുടെയും പേരുകൾ വൈകാതെ മാറും. 591 തെരുവുകളും റോഡുകളും പേരുകൾ റദ്ദാക്കി സംഖ്യാപരമായ നമ്പറുകളായി മാറ്റാനായുള്ള കുവൈത്ത് മുനിസിപ്പാലിറ്റിയുടെ അഭ്യർഥന മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ചു. 66 പ്രധാന തെരുവുകളുടെ പേരുകൾ നിലനിർത്താനും മൂന്ന് തെരുവുകളുടെ പേരുകൾ അറബ് നഗരങ്ങളുടെയോ തലസ്ഥാനങ്ങളുടെയോ പേരുകളാക്കി മാറ്റാനും തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന അസാധാരണ കൗൺസിൽ യോഗത്തിലാണ് തീരുമാനം. 2023ലെ മന്ത്രിതല പ്രമേയം നമ്പർ 558 പ്രകാരം രൂപീകരിച്ച പേരിടൽ കമ്മിറ്റിയുടെ റിപ്പോർട്ട് കൗൺസിൽ അംഗീകരിച്ചു.
പൊതു സ്ഥലങ്ങൾക്ക് പേരിടുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ നിശ്ചയിക്കുന്ന 2025/19ലെ മന്ത്രിസഭാ പ്രമേയം നമ്പർ 666 അനുസരിച്ചാണ് നീക്കം. നഗരങ്ങൾക്കും പ്രദേശങ്ങൾക്കും അമീറോ കിരീടാവകാശിയോ ആയിട്ടില്ലെങ്കിൽ വ്യക്തികളുടെ പേരിടാൻ അനുവാദമില്ലെന്ന് പുതുക്കിയ ചട്ടം വ്യക്തമാക്കുന്നു.
തെരുവുകൾക്കും റോഡുകൾക്കും ഭരണാധികാരികൾ, സൗഹൃദരാജ്യങ്ങളിലെ നേതാക്കൾ, ചരിത്രപ്രസിദ്ധർ തുടങ്ങിയവരുടെ പേരുകൾ മാത്രമേ നൽകാവൂ. സാംസ്കാരികവും നയതന്ത്രപരവുമായ സന്തുലിതാവസ്ഥ ഉറപ്പാക്കാനാണ് പുതിയ മാറ്റങ്ങൾ വഴി ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

