ആശ്വാസ പദ്ധതികളുമായി നാമ ചാരിറ്റി
text_fieldsഗസ്സയിൽ പച്ചക്കറി കിറ്റുകൾവിതരണം ചെയ്യുന്ന നാമ ചാരിറ്റി പ്രവർത്തകർ
കുവൈത്ത് സിറ്റി: ദുഷ്കരമായ ജീവിത സാഹചര്യങ്ങൾ നേരിടുന്ന ഗസ്സയിലെ ജനങ്ങൾക്ക് സഹായവുമായി കുവൈത്തിലെ നാമ ചാരിറ്റി. ശൈത്യകാല ജീവിത സാഹചര്യം, വഷളാകുന്ന ഭക്ഷ്യ വെല്ലുവിളി എന്നിവക്ക് അടിയന്തര പരിഹാരമായി നാമ ചാരിറ്റി ഗസ്സനിവാസികൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ശൈത്യകാലത്തെ ബുദ്ധിമുട്ടുകൾ, ഭക്ഷ്യക്ഷാമം, വിലക്കയറ്റം, രോഗങ്ങൾ എന്നിവ ഗസ്സയിലെ ജനങ്ങൾ നേരിടുന്നുണ്ട്. ഈ ഘട്ടത്തിൽ പോഷകാഹാരക്കുറവിൽ നിന്നും കുടുംബങ്ങളെ സംരക്ഷിക്കുകയും ആരോഗ്യകരവും പ്രതിരോധശേഷി വർധിപ്പിക്കുകയുമാണ് പച്ചക്കറി കിറ്റുകളുടെ ലക്ഷ്യമെന്ന് നാമ ചാരിറ്റി സി.ഇ.ഒ സാദ് അൽ ഉതൈബി പറഞ്ഞു.
ഗസ്സയിൽ ശൈത്യകാല ദുരിതാശ്വാസ പദ്ധതി നടപ്പിലാക്കാൻ ചാരിറ്റി തയാറെടുക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഭക്ഷണം, വസ്ത്രം, തണുത്ത കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനുള്ള സാമഗ്രികൾ എന്നിവ ഇതിന്റെ ഭാഗമായി കൈമാറും.
കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയവുമായും വിദേശകാര്യ മന്ത്രാലയവുമായും പൂർണ ഏകോപനത്തോടെയാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. സംഘടിത സഹായ വിതരണം, നടപടിക്രമ സമഗ്രത, ഔദ്യോഗിക ചട്ടക്കൂടുകൾ പാലിക്കൽ എന്നിവ ഇതുവഴി ഉറപ്പാക്കുന്നു. മികച്ചരീതിയിൽ ഗുണപരമായി സഹായം എത്തിക്കുന്നതിനും മാനുഷിക ദൗത്യത്തിനും നാമ ചാരിറ്റി പ്രതിജ്ഞാബദ്ധമാണെന്നും സാദ് അൽ ഉതൈബി പറഞ്ഞു.
യമനിൽ അഞ്ച് കിണറുകൾ
കിണറിൽ നിന്ന് വെള്ളം ശേഖരിക്കുന്ന ജനങ്ങൾ
കുവൈത്ത് സിറ്റി: യമൻ ഗവർണറേറ്റുകളായ ഹൊദൈദ, ലഹ്ജ് എന്നിവിടങ്ങളിൽ കുടിയിറക്കപ്പെട്ടവർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി കുവൈത്തിലെ നമാ ചാരിറ്റി അഞ്ച് കിണറുകൾ ആരംഭിച്ചു. ശുദ്ധവും സ്ഥിരവുമായ വെള്ളം നൽകുക, ജലജന്യ രോഗങ്ങളുടെ വ്യാപനം കുറക്കുക എന്നിവ വഴി ആരോഗ്യവും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് നമാ ചാരിറ്റി ഡെപ്യൂട്ടി സി.ഇ.ഒ അബ്ദുൽ അസീസ് അൽ കന്ദരി പറഞ്ഞു.
യുദ്ധത്തിൽ പരിക്കേറ്റ യമൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനായി തുടർച്ചയായി 11 വർഷമായി നടത്തുന്ന ‘കുവൈത്ത് ബൈ യുവർ സൈഡ്’ കാമ്പയിനിന്റെ ഭാഗമാണ് ഈ പദ്ധതി. കിണറുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നതിന് കുടിയിറക്കപ്പെട്ട കുട്ടികളും സ്ത്രീകളും നേരത്തെ ദീർഘദൂരം സഞ്ചരിക്കേണ്ടി വന്നിരുന്നു. സുരക്ഷിതമല്ലാത്ത സ്രോതസ്സുകളിൽ നിന്ന് പരിമിതമായ അളവിലായിരുന്നു വെള്ളം ലഭിച്ചിരുന്നതും. കുവൈത്തിന്റെ തുടർച്ചയായ മാനുഷിക പിന്തുണക്കും സാഹോദര്യ നിലപാടിനും യമൻ ജനത നന്ദി പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

