ഗസ്സയിൽ ആശ്വാസ പദ്ധതികളുമായി നമാ ചാരിറ്റി; വസ്ത്രങ്ങളും ഭക്ഷണപ്പൊതികളും വിതരണം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിൽ കടുത്ത ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസവുമായി കുവൈത്തിലെ നമാ ചാരിറ്റി. നിരവധി കുടുംബങ്ങൾക്ക് സംഘടന വസ്ത്രങ്ങളും ഭക്ഷണപ്പൊതികളും വിതരണം ചെയ്തു.
സോഷ്യൽ റിഫോം സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്ത് ഗസ്സയിൽ മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണെന്നും നമാ ചാരിറ്റി അറിയിച്ചു.ഗസ്സയിലെ ദുരിതപൂർണമായ മാനുഷിക സാഹചര്യങ്ങൾക്ക് ത്വരിതഗതിയിലുള്ളതും ഏകോപിതവുമായ സഹായം ആവശ്യമാണെന്ന് നമാ സി.ഇ.ഒ സാദ് അൽ ഉതൈബി പറഞ്ഞു. അടിസ്ഥാന ജീവിതമാർഗങ്ങൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വസ്ത്ര-ഭക്ഷ്യ പദ്ധതികൾ ഒരു ജീവനാഡിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷ്യക്ഷാമം, വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ, വിതരണ ശൃംഖലകളുടെ തകർച്ച എന്നിവ നിലനിൽക്കുന്നതിനാൽ ഗസ്സയിൽ അടിയന്തരമായി അവശ്യവസ്തുക്കൾ ലഭ്യമാകേണ്ടതുണ്ടെന്ന് ഉതൈബി ചൂണ്ടിക്കാട്ടി.
കുടിയിറക്കപ്പെട്ടതും ദുർബലരുമായ കുടുംബങ്ങൾക്ക് ഗസ്സ നിവാസികൾക്ക് വസ്ത്രങ്ങളും ഭക്ഷണ കിറ്റുകളും ദൈനംദിന ആവശ്യങ്ങളായി മാറിയിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക പങ്കാളികളുമായും കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായും സഹകരിച്ച് സഹായവിതരണങ്ങൾ ശ്രദ്ധാപൂർവം ഏകോപിപ്പിക്കുന്നുണ്ട്.
സുതാര്യതയും നിലനിർത്തിയും മാനദണ്ഡങ്ങൾ പാലിച്ചും അടിയന്തിര ആവശ്യമുള്ള കുടുംബങ്ങൾ, അനാഥർ, വിധവകൾ, വികലാംഗർ എന്നിവർക്ക് മുൻഗണന നൽകുമെന്നും സാദ് അൽ ഉതൈബി പറഞ്ഞു.
സംഘടനക്ക് പിന്തുണ നൽകുന്ന കുവൈത്ത് ദാതാക്കൾക്ക് ഉതൈബി നന്ദി രേഖപ്പെടുത്തി. ആഗോള ദുരിതാശ്വാസ പ്രവർത്തനങ്ങളോടുള്ള കുവൈത്തിന്റെ മുൻനിര മാനുഷിക പങ്കിനെയും പ്രതിബദ്ധതയെയും പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

