ചാടി രക്ഷപ്പെട്ട നളിനാക്ഷൻ ചികിത്സയിൽ
text_fieldsനളിനാക്ഷൻ
തൃക്കരിപ്പൂർ: കുവൈത്ത് മംഗഫിൽ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ കാസർകോട് തൃക്കരിപ്പൂർ സ്വദേശി പരിക്കേറ്റ് ചികിത്സയിൽ. ഒളവറ സ്വദേശി ടി.വി. നളിനാക്ഷനാണ് (58) ജാബിരിയയിലെ മുബാറകിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മുറിയിൽ പുകനിറഞ്ഞതിനെ തുടർന്ന് ആളുകൾ പരക്കംപായുന്നതിനിടെ നളിനാക്ഷൻ ആത്മരക്ഷാർഥം രണ്ടാംനിലയിലെ ജനാലയിൽക്കൂടി ചാടുകയായിരുന്നുവെന്ന് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ച സുഹൃത്തുക്കൾ പറഞ്ഞു. ഒന്നാംനിലയിൽ വാട്ടർ ടാങ്കുകൾ സൂക്ഷിച്ചിരുന്ന ഭാഗത്തേക്കാണ് വീണത്. വീഴ്ചയിൽ പരിക്കേറ്റ നളിനാക്ഷന് ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്ന് ഡോക്ടർമാർ പറഞ്ഞതായി സുഹൃത്തുക്കൾ പറഞ്ഞു. ബ്ലഡ് ഡോണേഴ്സ് കേരള, തൃക്കരിപ്പൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി എന്നിവയുടെ സജീവ പ്രവർത്തകനാണ് നളിനാക്ഷൻ.

