ജൊആന ഡാനിയേല വധം: ദമ്പതികൾക്ക് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളി ജൊആന ഡാനിയേലയെ കുവൈത്തിൽ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. സ്പോൺസറായ ലബനാൻ പൗരൻ നാദിർ ഇസ്സാം അസ്സാഫ് (40), ഭാര്യ മോണ ഹസ്സൂൻ (37) എന്നിവർക്കെതിരെയാണ് കോടതി വിധി. ഇപ്പോൾ ലബനാനിലുള്ള നാദിർ ഇസ്സാം അസ്സാഫിനെതിരെ അവിടത്തെ പ്രോസിക്യൂഷൻ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും പ്രതിയെ ഇൗ ഘട്ടത്തിൽ കുവൈത്തിന് കൈമാറേണ്ടെന്ന നിലപാടാണെടുത്തത്. കേസിൽ ലബനാനിൽ വിചാരണ തുടരുന്നതിനിടെയാണ് കുവൈത്ത് കോടതിയുടെ വിധി. നാദിർ ഇസാം അസ്സാഫിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇൻറർപോൾ വഴി കുവൈത്ത് അപേക്ഷ നൽകിയിട്ടുണ്ട്.
സിറിയക്കാരിയായ മോണ ഹസ്സൂൻ സിറിയയിൽ അറസ്റ്റിലായിട്ടുണ്ട്. നാദിർ അസ്സാഫും ഭാര്യയും ചേർന്ന് യുവതിയെ കൊന്ന ശേഷം മൃതദേഹം ഫ്രീസറിൽ ഒളിപ്പിക്കുകയായിരുന്നു. സാമ്പത്തിക തട്ടിപ്പുകേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് 2016ൽ ആണ് ഇയാളും ഭാര്യയും കുവൈത്ത് വിട്ടത്. ഇവർ താമസിച്ചിരുന്ന മൈദാൻ ഹവല്ലിയിലെ അപ്പാർട്ട്മെൻറിൽ പൊലീസ് റെയ്ഡ് നടത്തിയപ്പോഴാണ് ഫ്രീസറിലടച്ച നിലയിൽ ജൊആന ഡാനിയേല എന്ന ഫിലിപ്പീനി വേലക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. വിഷയം കുവൈത്തും ഫിലിപ്പീൻസും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദത്തെ ഉലക്കുന്ന തലത്തിലേക്ക് വളരുകയും കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീൻസ് നിർത്തിവെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
