മുജാഹിദ് സമ്മേളനം; ശാഖ സംഗമങ്ങൾക്ക് തുടക്കം
text_fieldsമുജാഹിദ് സമ്മേളനത്തിന്റെ ഹവല്ലി ശാഖ ഒരുക്കം സംഗമത്തിൽ ഐ.ഐ.സി ട്രഷറർ അനസ് മുഹമ്മദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ പ്രമേയത്തിൽ 2024 ജനുവരിയിൽ കരിപ്പൂരിൽ സംഘടിപ്പിക്കുന്ന മുജാഹിദ് പത്താം സമ്മേളനത്തിന്റെ കുവൈത്തിലെ പ്രചാരണ ഭാഗമായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ശാഖകളുടെ സമ്പൂർണ സംഗമങ്ങൾക്ക് തുടക്കം കുറിച്ചു.
ഹവല്ലി ശാഖ സംഗമം ഐ.ഐ.സി കേന്ദ്ര ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ മാങ്കാവ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ട്രഷറർ അനസ് മുഹമ്മദ് ചർച്ചക്ക് നേതൃത്വം നൽകി. ശാഖ പ്രസിഡൻറ് മനാഫ് മാത്തോട്ടം അധ്യക്ഷത വഹിച്ചു.
പ്രചാരണ ഭാഗമായി നടപ്പിലാക്കുന്ന അൽ ജാരിയ, ഗൃഹ -ഹൈപ്പർ സന്ദർശനം, ദഅവാ ട്രെയ്നിങ്, ഖുർആൻ സംഗമം തുടങ്ങിയ പരിപാടികൾക്കുള്ള സബ് കമ്മിറ്റി അബ്ദുറഹീം കരിപ്പൂർ, അബൂബക്കർ മുഖദാർ, അസറുദ്ദീൻ പുത്തൂർമഠം, അബ്ദുൽ ഗഫൂർ പെരുമ്പിലാവ്, ഷഹാസ് മൊയ്തുണ്ണി എന്നിവരെ തെരഞ്ഞെടുത്തു. ജമാൽ വടക്കാഞ്ചേരി സ്വാഗതം പറഞ്ഞു. മുബഷിർ സലഫി സമാപന പ്രസംഗം നിർവഹിച്ചു.

