മുബാറക് അൽ കബീർ തുറമുഖ വികസനം; പദ്ധതി വേഗത്തിലാക്കാൻ കുവൈത്തും ചൈനയും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെ വികസനത്തിൽ നാഴികക്കല്ലാവുന്ന സ്വപ്ന പദ്ധതികളിലൊന്നായ മുബാറക് അൽ കബീർ തുറമുഖ വികസനം വേഗത്തിൽ പൂർത്തിയാക്കാൻ കുവൈത്തും ചൈനയും. മാർച്ചിൽ കരാർ ഒപ്പുവച്ചതിന് പിറകെ പദ്ധതി നടപ്പാക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ സമാപിച്ച അഞ്ചാം റൗണ്ട് കുവൈത്ത്-ചൈന രാഷ്ട്രീയ കൂടിയാലോചനയിലും ഇതു സംബദ്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്തിരുന്നു. കൂടിയാലോചനയിൽ ഇരു സർക്കാറുകളും ഒപ്പുവെച്ച കരാറുകളുടെയും ധാരണ പത്രങ്ങളുടെ നടപ്പാക്കൽ ഇരുപക്ഷവും വിലയിരുത്തി.
തുറമുഖ നിർമാണ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ സംയുക്ത പ്രവർത്തനം തുടരുന്നതായി കുവൈത്തിലെ ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെയ് പറഞ്ഞു. കുവൈത്തിന്റെ ഏറ്റവും വലുതും തന്ത്രപരവുമായതും പദ്ധതിയും, കുവൈത്ത്-ചൈന സഹകരണത്തിന്റെ പ്രധാന സംരംഭമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.തുറമുഖ നിർമാണ പുരോഗതി സംബന്ധിച്ച് കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാനും ചൈനീസ് പ്രതിനിധി സംഘവും കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാർ ഒപ്പുവച്ചതോടെ പ്രവൃത്തികൾ തുടരുന്നതിനും നടപ്പാക്കൽ പ്രക്രിയ വേഗത്തിലാക്കുന്നതിനുമായി കുവൈത്ത്, ചൈനീസ് ഉദ്യോഗസ്ഥർ തുറമുഖ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വികസനത്തിന് പദ്ധതി നിർണായക സംഭാവന നൽകും. സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണം, വടക്കൻ മേഖലയുടെ വികസനം, ജി.ഡി.പി വർധിപ്പിക്കൽ, എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കൽ എന്നീ ലക്ഷ്യങ്ങൾക്ക് തുറമുഖം കരുത്ത് പകരും.കുവൈത്തിന്റെ വടക്കൻ തീരത്ത് ബുബിയാൻ ദ്വീപിൽ ഇറാഖ് അതിർത്തിക്കടുത്താണ് തുറമുഖ നിർമാണം. 100 കോടി ദീനാറാണ് പദ്ധതിക്ക് ചെലവ്പ്രതീക്ഷിക്കുന്നത്. വിപുലവും അത്യാധുനികവുമായ സൗകര്യങ്ങളോടെയാണ് തുറമുഖം വിഭാവനം ചെയ്തിരിക്കുന്നത്. പ്രവർത്തനം തുടങ്ങുന്നതോടെ ഇതുവഴിയുള്ള സമുദ്ര ചരക്കുനീക്കത്തിന്റെ ഇടത്താവളമായി മുബാറക് അൽ കബീർ തുറമുഖം മാറുമെന്നാണ് പ്രതീക്ഷ. നിർമാണ ഘട്ടത്തിലും തുടർന്നും നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നതിനാൽ രാജ്യത്തെ പ്രവാസി സമൂഹത്തിനും ഗുണം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

