ആറുമാസം രാജ്യത്തിന് പുറത്തായാൽ ഇഖാമ അസാധുവാക്കാൻ നീക്കം
text_fieldsകുവൈത്ത് സിറ്റി: ആറുമാസത്തിലധികം രാജ്യത്തിന് പുറത്തു കഴിയുന്നവരുടെ ഇഖാമ അസാധുവാകുന്ന സംവിധാനം പുനഃസ്ഥാപിക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തരമന്ത്രാലയം. നിലവിൽ ഗാർഹിക ജോലിക്കാർക്ക് മാത്രമുള്ള നിബന്ധന മറ്റു വിസ കാറ്റഗറികൾക്കും ബാധകമാക്കാനാണ് നീക്കം. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ സൂചന നൽകി. ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തു താമസിച്ചാൽ ഇഖാമ അസാധുവാകുന്ന നിയമം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആണ് നേരത്തേ താൽക്കാലികമായി മരവിപ്പിച്ചത്. യാത്ര നിയന്ത്രണങ്ങൾ കാരണം കുവൈത്തിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക് ഓൺലൈൻ വഴി ഇഖാമ പുതുക്കാനും അവസരം നൽകിയിരുന്നു.
യാത്രനിയന്ത്രണങ്ങൾ നീങ്ങി കുവൈത്തിലേക്ക് വരാവുന്ന സാഹചര്യം ഒരുങ്ങിയതിനാൽ 2021 ഡിസംബർ ഒന്നുമുതൽ ഗാർഹിക ജോലിക്കാർക്ക് മാത്രമായി ഈ നിബന്ധന പുനഃസ്ഥാപിച്ചിരുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾ, ആശ്രിതർ, സെൽഫ് സ്പോൺസർഷിപ് വിഭാഗത്തിൽ പെടുന്നവർ എന്നിവർക്ക് കൂടി നിബന്ധന ബാധകമാക്കാനാണ് ഇപ്പോൾ ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് നീക്കം ആരംഭിച്ചത്. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ആറുമാസ നിബന്ധന പുനഃസ്ഥാപിക്കാൻ അധികൃതർ ഒരുങ്ങുന്നത്. നിലവിലെ സാഹചര്യത്തിൽ സാധുവായ ഇഖാമയുള്ള ഗാർഹിക ജോലിക്കാർ അല്ലാത്തവർക്ക് ആറുമാസം കഴിഞ്ഞാലും കുവൈത്തിലേക്ക് വരുന്നതിനു തടസ്സമില്ല. ഇഖാമ കാലാവധി അവസാനിക്കാറായവർക്ക് കുവൈത്തിൽ പ്രവേശിക്കാതെതന്നെ ഓൺലൈൻ സംവിധാനത്തിലൂടെ പുതുക്കാമെന്നും ജനുവരിയിൽ അധികൃതർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

