ഒരു പെർമിറ്റിൽ ഒന്നിൽ കൂടുതൽ യാത്ര; ‘മൾട്ടിപ്പിൾ-ട്രിപ്പ് എക്സിറ്റ് പെർമിറ്റ്’ സേവനം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രവാസികൾക്ക് കുവൈത്തിൽ നിന്ന് പുറത്തുപോകുന്നതിന് നിർബന്ധമായ എക്സിറ്റ് പെർമിറ്റിൽ ‘മൾട്ടിപ്പിൾ’ സേവനം ഒരുക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. നിശ്ചിത സമയത്തിനുള്ളിൽ ഒന്നിലധികം യാത്രകൾക്ക് ഒരു എക്സിറ്റ് പെർമിറ്റ് എന്ന നിലയിലാണ് പുതിയ ‘മൾട്ടിപ്പിൾ-ട്രിപ്പ് എക്സിറ്റ് പെർമിറ്റ്’ സേവനം. ഇതു വഴി ഓരോ യാത്രക്കും പ്രത്യേകം അപേക്ഷിക്കുന്നത് ഒഴിവാക്കാം. അപേക്ഷകർക്ക് ഒറ്റ യാത്രയോ ഒന്നിലധികം യാത്രയോ എന്ന് വ്യക്തമാക്കി പെർമിറ്റിന്റെ തരം തിരഞ്ഞെടുക്കാം. യാത്ര ആരംഭ, അവസാന തീയതികൾ നൽകി പെർമിറ്റിന്റെ ദൈർഘ്യവും വ്യക്തമാക്കാം.
സഹൽ ആപ്പിൽ സേവനത്തിനായി പ്രത്യേക ഒപ്ഷൻ ഒരുക്കിയിട്ടുണ്ട്. അപേക്ഷ സഹൽ ബിസിനസ് ആപ്പ് വഴി തൊഴിലുടമക്ക് ലഭിക്കും. തൊഴിലുടമയുടെ അംഗീകാരത്തിന് ശേഷം അറിയിപ്പുകൾ നേരിട്ട് തൊഴിലാളിക്ക് അയക്കും. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യും. അപേക്ഷ സമർപ്പിക്കുന്നതിനും അംഗീകാരം നേടുന്നതിനും മിനിറ്റുകൾ മാത്രമേ എടുക്കൂ. ജൂലൈ ഒന്നു മുതലാണ് കുവൈത്തിൽ നിന്ന് പുറത്തുപോകാൻ പ്രവാസികൾക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയത്. പെർമിറ്റില്ലാത്തവരെ യാത്രക്ക് അനുവദിക്കില്ല. എക്സിറ്റ് പെർമിറ്റ് പ്രിന്റ് കോപ്പി വിമാനത്താവളം, അതിർത്തി ചെക്പോസ്റ്റുകൾ എന്നിവിടങ്ങളിൽ കാണിക്കണം.
അപേക്ഷ പ്രക്രിയ
- അഷൽ പോർട്ടൽ, സഹൽ ആപ് എന്നിവ വഴി എക്സിറ്റ് പെർമിറ്റ് അപേക്ഷ നൽകുന്നതിനുള്ള ഒപ്ഷൻ തെരഞ്ഞെടുക്കുക
- സിംഗിൾ-ടൈം എക്സിറ്റ് പെർമിറ്റ് അല്ലെങ്കിൽ മൾട്ടിപ്പിൾ-ടൈം എക്സിറ്റ് പെർമിറ്റ് എന്നിവയിൽ ആവശ്യമായത് തെരഞ്ഞെടുക്കുക.
- യാത്ര പുറപ്പെടൽ പെർമിറ്റിന്റെ ആരംഭ, അവസാന തീയതികൾ നൽകുക.
- അഭ്യർഥന സമർപ്പിക്കുക. ഇടപാട് നമ്പറും അഭ്യർഥന നിലയും ഉടനടി പ്രദർശിപ്പിക്കും.
- അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഡേറ്റ ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റങ്ങളിലേക്ക് സ്വയമേവ അയക്കും
- തൊഴിലുടമകൾക്കും ജീവനക്കാർക്കും എപ്പോൾ വേണമെങ്കിലും ഇത് പ്രിന്റ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

