സുരക്ഷ, ഗതാഗത പരിശോധന 80ലധികം പേർ അറസ്റ്റിൽ
text_fieldsസുരക്ഷ ഉദ്യോഗസ്ഥർ ഗതാഗത പരിശോധന നടത്തുന്നു (ഫയൽ)
കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ ഗവർണറേറ്റുകളിലായി കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ 80ൽ അധികം വ്യക്തികൾ അറസ്റ്റിലായി. 1,478 സുരക്ഷ, ഗതാഗത നടപടി സ്വീകരിച്ചു. ഒക്ടോബർ 26 മുതൽ നവംബർ ഒന്നുവരെയുള്ള പരിശോധനകളിലാണ് ഈ കണക്കുകൾ.
ഈ കാലയളവിൽ ട്രാഫിക് ആൻഡ് ഓപറേഷൻസ് അഫയേഴ്സ് സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസ് 1,478 സുരക്ഷ, ഗതാഗത ദൗത്യങ്ങൾ നടത്തി.
പരിശോധനയിൽ റെസിഡൻസി പെർമിറ്റ് കാലഹരണപ്പെട്ടതോ തിരിച്ചറിയൽ രേഖകൾ കൈവശം വെക്കാത്തതോ ആയ 33 പേരെ അറസ്റ്റ് ചെയ്തു. ക്രിമിനൽ, സിവിൽ കേസുകൾ, അറസ്റ്റ് വാറണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട് തിരയുന്ന 51 പേരും പിടിയിലായി.
4,032 ഗതാഗത നിയമലംഘനങ്ങൾ ഈ കാലയളവിൽ രജിസ്റ്റർ ചെയ്തു. നിയമലംഘനത്തിന് 32 വാഹനങ്ങൾ പിടിച്ചെടുത്തു. 210 ഗതാഗത അപകടങ്ങളിലും രക്ഷാസംഘം ഇടപെട്ടു. വാഹനം ഇടിച്ച ഏഴ് കേസുകൾ കൈകാര്യം ചെയ്തു.
10 അക്രമ പ്രവർത്തനങ്ങളിലും ഇടപെട്ടു. വിവിധ മേഖലകളിലായി 575 മാനുഷിക കേസുകൾക്ക് സഹായം നൽകി. പൊതു സുരക്ഷ നിലനിർത്തുന്നതിനും, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ശക്തമായ നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

