ഒരാഴ്ചയ്ക്കിടെ 54,000ത്തിലധികം ഗതാഗത നിയമലംഘനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയത് 54,000 ത്തിലധികം ഗതാഗത നിയമലംഘനങ്ങൾ. മാർച്ച് 29 മുതൽ ഏപ്രിൽ നാലുവരെ വരെ 54,894 ട്രാഫിക് ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ 1,387 വാഹനാപകടങ്ങൾ രേഖപ്പെടുത്തി. ഗതാഗത സംബന്ധമായ വിവിധ കുറ്റകൃത്യങ്ങൾക്ക് 87 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു. അശ്രദ്ധമായ ഡ്രൈവിങ് ഉൾപ്പെടെയുള്ള ഗുരുതര ഗതാഗത കുറ്റകൃത്യങ്ങൾക്ക് 56പേർ പിടിയിലായി.
26 വാഹനങ്ങളും 16 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിന് ഒമ്പത് ഡ്രൈവർമാരെയും പിടികൂടി. മയക്കുമരുന്ന് കൈവശംവെച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു.പരിശോധനക്കിടെ മറ്റു നിയമലംഘനങ്ങൾ നടത്തിയ 42 പേരെയും ഉദ്യോഗസ്ഥർ പിടികൂടി. 12 താമസ നിയമലംഘകർ, നിയമപ്രകാരം തിരയുന്ന 21 വ്യക്തികൾ, ഒളിഞ്ഞുനടക്കുന്ന ആറ് തൊഴിലാളികൾ എന്നിവരാണ് പിടിയിലായത്.മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെയും ബ്രിഗേഡിയർ ജനറൽ ജമാൽ അൽ ഫൗദാരിയുടെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. ഹവല്ലി- 17,901, മുബാറക് അൽകബീർ-6,624, ഫർവാനിയ- 6,534 എന്നിങ്ങനെയും ഹൈവേ പട്രോൾ പരിശോധനയിൽ 7,383 ലംഘനങ്ങളുമാണ് രേഖപ്പെടുത്തിയത്.അതേസമയം, കനത്ത പിഴകളുമായി രാജ്യത്ത് ഈ മാസം 22 മുതൽ പുതിയ ഗതാഗതനിയമം നിലവിൽവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

