25 ലക്ഷത്തിലധികം പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 25 ലക്ഷത്തിലധികം പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു. കുത്തിവെപ്പ് ദൗത്യം സുഗമമായി പുരോഗമിക്കുന്നുണ്ട്. ഒരു ദിവസം 30,000ത്തോളം പേർക്ക് വാക്സിൻ നൽകുന്നു. എല്ലാ ആഴ്ചയും ഫൈസർ വാക്സിൻ ഷിപ്മെൻറുള്ളതുകൊണ്ട് ലഭ്യതയിൽ പ്രതിസന്ധിയില്ല.
മൂന്നാം ബാച്ച് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ വിതരണത്തിന് സജ്ജമാകാത്തതിനാൽ ആദ്യഡോസ് ആ വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് നൽകാൻ കഴിഞ്ഞിട്ടില്ല എന്നതു മാത്രമാണ് നേരിയ ആശങ്ക.
അടുത്ത ആഴ്ചയോടെ ഇൗ പ്രതിസന്ധി പരിഹരിക്കുമെന്നും മൂന്നാം ബാച്ച് വാക്സിെൻറ ലാബ് പരിശോധന കഴിഞ്ഞാൽ ദ്രുതഗതിയൽ രണ്ടാം ഡോസ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി. മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്സിനുകളും ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. പുതിയ കേസുകളും മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിക്കാത്തത് വാക്സിനേഷെൻറ ഗുണമായി വിലയിരുത്തുന്നുണ്ട്.
രാജ്യത്ത് വാക്സിൻ നൽകിയവർക്ക് ഗുരുതരമായ പാർശ്വഫലങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.ഒരു കിലോമീറ്ററോളം നീളുന്ന വലിയ വരി മിഷ്രിഫിലെ വാക്സിനേഷൻ കേന്ദ്രത്തിന് മുന്നിൽ കാണാറുണ്ടെങ്കിലും നിരവധി കൗണ്ടറുകളുള്ളതിനാൽ പെെട്ടന്ന് പൂർത്തിയാകുന്നുണ്ട്. പരമാവധി ഒരു മണിക്കൂറിനുള്ളിൽ വാക്സിൻ എടുത്ത് മടങ്ങാൻ കഴിയുന്നു.
ഫീൽഡ് വാക്സിനേഷനാണ് കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കുന്നതിന് സഹായിക്കുന്ന മറ്റൊരു ഘടകം.കുത്തിവെപ്പ് നൽകാൻ ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ കുറ്റമറ്റതാണ്. ശൈഖ് ജാബിർ പാലത്തിലെ ഡ്രൈവ് ത്രൂ വാക്സിനേഷനും സജീവമായി പ്രവർത്തിക്കുന്നു. ഒരു ദിവസം 5000 പേർക്ക് വാക്സിൻ നൽകാനുള്ള സൗകര്യം ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

