20 ലക്ഷം ഡോസ് ഫൈസർ വാക്സിൻ കൂടി ആവശ്യപ്പെട്ട് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: 20 ലക്ഷം ഡോസ് വാക്സിൻ കൂടി നൽകാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം ഫൈസർ, ബയോൺടെക് കമ്പനിയോട് ആവശ്യപ്പെട്ടു.നൽകാമെന്ന് കമ്പനി സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ഒമ്പതര ലക്ഷം ഡോസ് ഫൈസർ വാക്സിൻ ആണ് ഇതുവരെ കുവൈത്തിൽ എത്തിച്ചിട്ടുള്ളത്. നിലവിൽ ആഴ്ചയിൽ ഒാരോ ലക്ഷം ഡോസ് എന്നരീതിയിൽ ഒന്നരമാസത്തിലേറെയായി ഫൈസർ വാക്സിൻ കുവൈത്തിലേക്ക് കൊണ്ടുവരുന്നുണ്ട്.
കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാൻ കുവൈത്തിന് കൂടുതൽ ഡോസ് മരുന്ന് ലഭിക്കേണ്ടതുണ്ട്. കുവൈത്തിൽ ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. ജോൺസൻ ആൻഡ് ജോൺസൻ, മോഡേണ വാക്സിനുകൾ കൂടി എത്തിക്കാൻ ധാരണയായിട്ടുണ്ടെങ്കിലും ഇതുവരെ ആദ്യ ഷിപ്മെൻറ് നടന്നിട്ടില്ല.
ആസ്ട്രസെനക വാക്സിെൻറ ചില ബാച്ചുകൾ രക്തം കട്ടപിടിക്കാൻ കാരണമായതായി വിവിധ രാജ്യങ്ങളിൽനിന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കുവൈത്തിൽ എത്തിച്ച രണ്ടുലക്ഷം ഡോസ് കാര്യമായ പാർശ്വഫലങ്ങൾക്ക് ഇടയാക്കിയിട്ടില്ല.ഫൈസർ വാക്സിൻ കൂടുതൽ ഫലപ്രദമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ഇതിനും കുവൈത്തിൽ ഗൗരവമുള്ള പാർശ്വഫലങ്ങൾ സംഭവിച്ചിട്ടില്ല. കുവൈത്ത് ആരോഗ്യ മന്ത്രാലയം വാക്സിനുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.വാക്സിൻ ഉപയോഗവും സുരക്ഷ മാനദണ്ഡങ്ങളും ആരോഗ്യ മന്ത്രാലയം സ്ഥിരമായി നിരീക്ഷിക്കുന്നു. വാക്സിൻ സുരക്ഷ, കാര്യക്ഷമത, ഗുണമേന്മ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നു. പൂർണ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ വാക്സിൻ ഇറക്കുമതി ചെയ്യൂ.

