യു.എൻ.എ വിമാനമൊരുക്കി; ആരോഗ്യപ്രവർത്തകർ എത്തി
text_fieldsപ്രത്യേക വിമാനത്തിൽ എത്തിയവരെ യു.എൻ.എ പ്രതിനിധികൾ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: മേഖലയിലെ പ്രത്യേക സാഹചര്യങ്ങളെത്തുടർന്ന് നാട്ടിൽ കുടുങ്ങിപ്പോയ കുവൈത്തിലെ ആരോഗ്യപ്രവർത്തകർക്ക് ആശ്വാസമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ). യു.എൻ.എ ഒരുക്കിയ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ നിന്ന് 150ലധികം നഴ്സുമാർ കുവൈത്തിൽ എത്തി. യു.എൻ.എ കുവൈത്ത്, സൗദി ഘടകത്തിന്റെ സഹകരണത്തോടെയാണ് ആരോഗ്യപ്രവർത്തക കുവൈത്തിലെത്തിയത്.
ജസീറ എയർവേയ്‌സിന്റെ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് നഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സംഘം കൊച്ചിയിൽ നിന്ന് ദമ്മാം എയർപോർട്ട് വഴി സുരക്ഷിതമായി കുവൈത്തിൽ എത്തിയത്. ദമ്മാമിൽ നിന്ന് റോഡുമാർഗം കുവൈത്തിൽ എത്തിയ സംഘത്തെ യു.എൻ.എ ഭാരവാഹികളും അംഗങ്ങളും ചേർന്നു സ്വീകരിച്ചു.
അവധി കഴിഞ്ഞ് കുവൈത്തിൽ ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിക്കാതെയും, അടിയന്തര ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിൽ പോയി മടങ്ങാൻ കഴിയാതെയും പ്രതിസന്ധിയിലായ നിരവധി നഴ്സുമാർക്ക് ഈ സർവീസ് വലിയ ആശ്വാസമായി.
കുവൈത്ത് വ്യോമപാതയിലുണ്ടായ നിയന്ത്രണങ്ങളെത്തുടർന്ന് ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ നിരവധി ആരോഗ്യപ്രവർത്തകർ യു.എൻ.എ ബന്ധപ്പെട്ടിരുന്നു.
തുടർന്ന് സംഘടനയുടെ അടിയന്തരമായി ഇടപെടുകയും സാധ്യമായ എല്ലാ വഴികളും അന്വേഷിച്ച് പ്രത്യേക വിമാന സർവീസിന് അനുമതി തേടുകയുമായിരുന്നു എന്ന് കുവൈത്തിലെ ഭാരവാഹികൾ അറിയിച്ചു.
നാട്ടിലും വിദേശത്തും നഴ്സുമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യു.എൻ.എ, അന്താരാഷ്ട്ര തലത്തിൽ നഴ്സിംഗ് സമൂഹത്തിന് നേരിടുന്ന ഏത് വെല്ലുവിളികളിലും ഒപ്പമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വരും കാലങ്ങളിലും നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനായി ഇത്തരം പ്രവർത്തനങ്ങളിൽ പ്രതിജ്ഞാബന്ധമായി നിലകൊള്ളുമെന്നും സംഘടന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

