കൂടുതൽ 'നീറ്റ്' കേന്ദ്രങ്ങൾ:കഴിഞ്ഞ വർഷത്തെ വിജയകരമായ നടത്തിപ്പിനും പങ്ക്
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പ്രവേശന പരീക്ഷക്ക് കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കപ്പെട്ടതിൽ കഴിഞ്ഞ വർഷത്തെ വിജയകരമായ നടത്തിപ്പിനും പങ്ക്. പരാതിക്കിടയില്ലാത്തവിധമാണ് കഴിഞ്ഞ വർഷം കുവൈത്തിലും യു.എ.ഇയിലും പ്രവേശന പരീക്ഷ നടത്തിയത്.
കുവൈത്തിൽ കഴിഞ്ഞ വര്‍ഷം പരീക്ഷക്കായി വിപുലമായ സജ്ജീകരണങ്ങള്‍ ഇന്ത്യൻ എംബസിയില്‍ ഒരുക്കിയിരുന്നു. 300 വിദ്യാർഥികളാണ് കഴിഞ്ഞ വർഷം കുവൈത്തിൽ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് എഴുതിയത്. കഴിഞ്ഞ വർഷം ഇന്ത്യക്ക് പുറത്ത് ആദ്യമായി നീറ്റ് പരീക്ഷക്ക് വേദിയൊരുക്കാൻ അവസരമുണ്ടാക്കിയതിൽ അംബാസഡർ സിബി ജോർജിന്റെ നേതൃത്വത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി നടത്തിയ ഇടപെടൽ നിർണായകമായി.
നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ എല്ലാ മാനദണ്ഡവും കുവൈത്ത് ആരോഗ്യ മന്ത്രാലയ മാർഗനിർദേശങ്ങളും പാലിച്ചാണ് കോവിഡ് വ്യാപന പശ്ചാത്തലത്തിലും പരീക്ഷ നല്ല രീതിയിൽ നടത്തിയത്. നേരത്തെതന്നെ എംബസി കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിരുന്നതിനാൽ ആശയക്കുഴപ്പങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായില്ല. സഹായങ്ങൾക്കായി എംബസി പരിസരത്ത് ഹെൽപ് ഡെസ്കും പ്രവർത്തിച്ചിരുന്നു.
വിദ്യാർഥികളുടെ സുഗമമായ പ്രവേശനം ഉറപ്പുവരുത്താൻ നയതന്ത്ര മേഖലയുടെ പ്രവേശന കവാടത്തിൽ കുട്ടികളെ ഇറക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ഇവിടെനിന്ന് എംബസിയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ എംബസി സൗകര്യം ഏർപ്പെടുത്തി. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ക്രമീകരണം ഏർപ്പെടുത്തി. അന്നുതന്നെ ഇവയെല്ലാം പ്രശംസിക്കപ്പെട്ടു.
കൂടുതൽ പ്രവേശന പരീക്ഷകളും മത്സര പരീക്ഷകളും ഇന്ത്യക്കാരായ പ്രവാസികൾക്ക് കുവൈത്തിൽനിന്ന് എഴുതാൻ ഭാവിയിൽ അവസരം വരുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

