കുവൈത്ത് ആരോഗ്യ മേഖലയിൽ കൂടുതൽ നിയമനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽനിന്ന് കൂടുതൽ ആരോഗ്യ പ്രവർത്തകരെ എത്തിക്കുന്നു. പുതിയ മെഡിക്കൽ കേന്ദ്രങ്ങൾ, ആശുപത്രി എന്നിവിടങ്ങളിലെ ജോലിക്കായി വിവിധ രാജ്യങ്ങളിലെ ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫ് എന്നിവരുമായി കരാറിലേർപ്പെട്ടതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന സംഘം എത്തും.
ജോർഡൻ, ഫലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരാണ് ആദ്യമെത്തുക. ആരോഗ്യ മന്ത്രാലയത്തിലെ നിയമന നടപടിക്രമങ്ങളും റെസിഡൻസി കാര്യങ്ങളും പൂർത്തിയാക്കി അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ഇവർ കുവൈത്തിലെത്തും. ഡോക്ടർമാർക്ക് പിറകെ നഴ്സുമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘത്തെയും റിക്രൂട്ട് ചെയ്യും.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരും നഴ്സുമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘവുമായും കരാർ അന്തിമമാക്കാനുള്ള പ്രക്രിയയിലാണ് ആരോഗ്യ മന്ത്രാലയം. ഈ രാജ്യങ്ങളിൽ നിന്നുള്ള ബാച്ചുകളും 2023ന്റെ തുടക്കത്തിൽ കുവൈത്തിൽ എത്തുമെന്നാണ് സൂചന. ഇന്ത്യയിൽനിന്നും ഫിലിപ്പീൻസിൽനിന്നും കുവൈത്തിലേക്ക് പുതിയ നഴ്സിങ് സ്റ്റാഫുകളും എത്തും. അതേസമയം, എല്ലാവരും നിയമനത്തിനു മുമ്പ് കുവൈത്തിലെ പ്രഫഷനൽ പരീക്ഷകൾക്ക് വിധേയരാകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

