സുഡാന് കൂടുതൽ സഹായം; 10 ടൺ ദുരിതാശ്വാസ വസ്തുക്കൾ അയച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: വിവിധ പ്രശ്നങ്ങളാൽ ദുരിതത്തിലായ സുഡാന് കുവൈത്തിന്റെ കൂടുതൽ സഹായം. തിങ്കളാഴ്ച 10 ടൺ ദുരിതാശ്വാസ സഹായം കുവൈത്ത് സുഡാനിലെത്തിച്ചു. വിവിധ കുവൈത്ത് ചാരിറ്റികളും സർക്കാർ ഏജൻസികളും ഉൾപ്പെടുന്ന ഏകോപിത സംരംഭമായ ‘കുവൈത്ത് ബൈ യുവർ സൈഡ്’ കാമ്പയിനിന്റെ ഭാഗമായാണ് സഹായ വിമാനം അയച്ചത്.
സുഡാനിലെ ആവശ്യക്കാരെ സഹായിക്കാനുള്ള ഭരണ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഇതെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ചെയർമാൻ ഖാലിദ് അൽ മഖാമിസ് പറഞ്ഞു. സഹായവസ്തുക്കൾ ദുരിതബാധിതർക്ക് നേരിട്ട് വിതരണം ചെയ്യുന്നതിന് സുഡാനീസ് റെഡ് ക്രസന്റുമായി ഏകോപനം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ മാനുഷിക പ്രവർത്തനത്തിന്റെ ഭാഗമായി സുഡാനിലും മറ്റിടങ്ങളിലുമുള്ള ആളുകളെ സഹായിക്കാനുള്ള കുവൈത്തിന്റെ നിരന്തരമായ താൽപര്യവും ഖാലിദ് അൽ മഖാമിസ് സൂചിപ്പിച്ചു.
സുഡാൻ ജനതയെ പിന്തുണക്കുന്നതിനായി കുവൈത്ത് കഴിഞ്ഞ തിങ്കളാഴ്ച 40 ടൺ സഹായം അയച്ചിരുന്നു. സുഡാനിലേക്ക് 2023-25 വർഷത്തിൽ 35 വിമാനങ്ങളിലായി കുവൈത്ത് 393 ടൺ സഹായ വസ്തുക്കൾ എത്തിച്ചിട്ടുണ്ട്. കപ്പൽവഴി 2,000 ടൺ വസ്തുക്കളും കൈമാറി. ആംബുലൻസ്, ചികിൽസ ഉപകരണങ്ങൾ, വീൽചെയർ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, വെള്ളം,പുതപ്പുകൾ, ടന്റ്,സ്ലീപ് ബാഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

