പണമിടപാടിന് നികുതി: ആഞ്ഞടിച്ച് മണി എക്സ്ചേഞ്ച് യൂനിയൻ മേധാവി
text_fieldsകുവൈത്ത് സിറ്റി: വിദേശികൾക്ക് നാട്ടിലേക്കുള്ള പണമിടപാടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പുമായി മണി എക്സ്ചേഞ്ച് യൂനിയൻ രംഗത്ത്. ഇതുസംബന്ധിച്ച് നടന്ന ചർച്ചകളിൽ മണി എക്സ്ചേഞ്ച് യൂനിയനെ പങ്കെടുപ്പിക്കാതിരുന്നതിനെ മേധാവി തലാൽ അൽ ബഹ്മൻ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം അൽറായി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പാർലമെൻറ് ധനകാര്യ സമിതിയുടെ പുതിയ നീക്കത്തിനെതിരെ ആഞ്ഞടിച്ചത്. വിദേശികളയക്കുന്ന പണത്തിന് നികുതി ബാധകമാക്കാൻ ചില എം.പിമാർ തിടുക്കം കാണിക്കുകയാണ്.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കുകയാണ് ഇത്തരം നിലപാടുകളിലൂടെ അവർ ലക്ഷ്യമാക്കുന്നത്. തുച്ഛമായ സാമ്പത്തിക ലാഭത്തിന് വേണ്ടിയുള്ള ഇൗ നിലപാടുകളുടെ ഫലം മണി എക്സ്ചേഞ്ച് രംഗത്ത് പ്രവർത്തിക്കുന്ന 40ൽ അധികം വരുന്ന കമ്പനികളുടെ തകർച്ചയായിരിക്കും. തീരുമാനം നടപ്പാക്കിയാൽ വിദേശികളേക്കാൾ ഇരട്ടി സാമ്പത്തിക നഷ്ടം സ്വദേശികൾക്കാണ് ഉണ്ടാക്കുകയെന്ന് പരിശോധിച്ചാൽ മനസ്സിലാകും.
നിയമം നടപ്പാക്കിയാൽ വിദേശികൾ ഹുണ്ടി പോലുള്ള അനധികൃത വഴികൾ സ്വീകരിക്കും. കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദികൾക്ക് പണമെത്തൽ തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൂടാനും ഇത് ഇടയാക്കും. തീരുമാനം പുനഃപരിശോധിക്കാൻ അധികൃതർ തയാറാവണം. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പ്രധാന കക്ഷിയെന്ന നിലയിൽ തങ്ങളെ പങ്കെടുപ്പിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും തലാൽ ബഹ്മൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
