തിങ്കളാഴ്ച പൊടിനിറഞ്ഞ പകൽ; കാറ്റും പൊടിയും ഇന്നും നാളെയുംശക്തമാകും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് തിങ്കളാഴ്ച മുതൽ സജീവമായ കാറ്റും പൊടിയും ഇന്നും നാളെയും ശക്തമാകും. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥയിൽ പുരോഗതി പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച രാവിലെ മുതൽ അന്തരീക്ഷം പൊടിപടലം നിറഞ്ഞതായിരുന്നു. കാറ്റിൽ പൊടിപടലങ്ങൾ ഉയർന്നത് പുറത്തിറങ്ങുന്നവർക്ക് പ്രയാസം സൃഷ്ടിച്ചു. ഉപരിതല ന്യൂനമർദത്തിന്റെ വികാസവും ചൂടുള്ളതും വരണ്ടതുമായ വായുപിണ്ഡവുമാണ് ഇതിന് കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദമാണ് നിലവിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധറാർ അൽ അലി പറഞ്ഞു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകും. ചിലപ്പോൾ കാറ്റ് ശക്തമാകുമെന്നും പ്രതീക്ഷിക്കുന്നു. വടക്കുപടിഞ്ഞാറൻ കാറ്റ് മിതമായതോ സജീവമോ ആയ വേഗത്തിൽ വീശും. ചില സമയങ്ങളിൽ മണിക്കൂറിൽ 20 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകും. ഇത് തുറസ്സായ ഇടങ്ങളിൽ തിരശ്ചീന ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി കുറക്കാം.
രാത്രിയിലും ചൂട് തുടരും. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശും. കടൽ തിരമാലകൾ മൂന്നു മുതൽ ഏഴു അടി വരെ ഉയരത്തിൽ എത്താൻ സാധ്യത പ്രതീക്ഷിക്കുന്നു.
പകൽ സമയത്തെ പരമാവധി താപനില 44 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 32 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയും കണക്കാക്കുന്നു. കാറ്റ് താരതമ്യേന ശാന്തമാകുമെന്നും വ്യാഴാഴ്ച വൈകുന്നേരം മുതൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നും ധറാർ അൽ അലി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

