നാലുപതിറ്റാണ്ടിന്റെ ആതുര സേവനത്തിന് ശേഷം മോളി തോമസ് നാട്ടിലേക്ക്
text_fieldsമോളി തോമസിന് സഹപ്രവർത്തകർ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: 40 വർഷത്തെ ആതുര സേവനത്തിന് ശേഷം ഫർവാനിയ ആശുപത്രി നഴ്സ് മോളി തോമസ് നാട്ടിലേക്ക് മടങ്ങുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ മോളി തോമസ് ദീർഘനാളായി ഫർവാനിയ ആശുപത്രിയിലെ ലേബർ റൂം ഡിപ്പാർട്മെന്റിലാണ് സേവനം ചെയ്തിരുന്നത്. നാട്ടിലേക്കു മടങ്ങുന്ന മോളി തോമസിന് ഫർവാനിയ ആശുപത്രി ലേബർ റൂം നഴ്സുമാർ യാത്രയയപ്പ് നൽകി. ഫർവാനിയയിൽ നടന്ന ചടങ്ങിൽ സഹപ്രവർത്തകരും മറ്റു നഴ്സുമാരും പങ്കെടുത്തു.
സഹപ്രവർത്തകർ സ്നേഹത്തോടെ മോളി മാമ എന്ന് വിളിക്കുന്ന മോളി തോമസ് ദീർഘ നാളായി ലേബർ റൂം ടീമിനെ സ്നേഹത്താലും നേതൃ പാടവത്താലും ഒന്നിച്ചുനയിച്ച വ്യക്തിയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. സഹപ്രവർത്തകരോടും രോഗികളോടും ഒരു പോലെ മമതയും കരുതലും കാട്ടിയ അവർ മറ്റുള്ളവർക്ക് എന്നും പ്രചോദനമായിരുന്നുവെന്നും സൂചിപ്പിച്ചു.
യോഗം ലേബർ റൂം ഇൻചാർജ് ക്ലോഡാറ്റ് ബൈലോൺ ഉദ്ഘാടനം ചെയ്തു. സഹപ്രവർത്തകരായ മേരിക്കുട്ടി മാത്യു, സന്ധ്യ സജി, ജോളി ഊമ്മൻ, രോഷ്നി ആൻ, റെനി മറിയം കോശി, മൽക്ക പ്രവീൺ എന്നിവർ ആശംസകൾ നേർന്നു. ലേബർ റൂം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ആൻലിയ സാബു ആൻഡ് ടീമിന്റെ ഗാനമേളയും നടന്നു.
ശാരി പ്രദീപ് സ്വാഗതവും പ്രഭ രവീന്ദ്രൻ നന്ദിയും പറഞ്ഞു. ഫർവാനിയ ആശുപത്രിയിൽ 25 വർഷം പൂർത്തിയാക്കിയ ഇന്തോനേഷ്യൻ നഴ്സ് ഫ്രിഡ ലെനയെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

