മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ ഇറക്കുമതി കരാറായി
text_fieldsആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്
കുവൈത്ത് സിറ്റി: മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി കരാറിൽ ഒപ്പിട്ടതായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്.
കുവൈത്ത് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുവൈത്തിൽ എത്തിച്ച ഒാക്സ്ഫഡ് വാക്സിൻ ഉൽപാദകരുടെ ആവശ്യപ്രകാരം ലാബ് പരിശോധനക്ക് വെച്ചിരിക്കുകയാണ്. പരിശോധന ഫലം ചൊവ്വാഴ്ച വരുമെന്നാണ് കരുതുന്നത്.
പോസിറ്റിവാണെങ്കിൽ പത്തുദിവസത്തിനകം രണ്ട് ലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകാൻ കഴിയും. പരിശോധന ഫലം വൈകുകയോ നെഗറ്റിവ് ആകുകയോ ചെയ്താൽ വ്യക്തികൾക്ക് രണ്ടാം ഡോസ് ഫൈസർ വാക്സിൻ സ്വീകരിക്കാനുള്ള അനുമതിയുണ്ടാകും.
ലോകത്തിൽ ആകെ ഉൽപാദിപ്പിക്കപ്പെടുന്ന വാക്സിനുകളുടെ 75 ശതമാനവും പത്ത് രാജ്യങ്ങളിലേക്കാണ് പോകുന്നത്. ലോകത്ത് എല്ലാ രാജ്യങ്ങൾക്കും വാക്സിൻ ആവശ്യമുണ്ട്. അംഗീകൃത വാക്സിനും എണ്ണത്തിൽ കുറവാണ്. ഇതുകൊണ്ടാണ് പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാത്തത്. ഇത് കുവൈത്ത് മാത്രം അനുഭവിക്കുന്ന പ്രശ്നമല്ല. ഗൾഫിലെയും പുറത്തെയും വിവിധ രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യതക്കുറവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബയോടെക്നോളജി കമ്പനിയായ മോഡേണയും അമേരിക്കൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച മോഡേണ വാക്സിൻ ക്ലിനിക്കൽ പരിശോധനയിൽ 94 ശതമാനം ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്.
ഫൈസർ വാക്സിന് സമാനമായാണ് ഇതിെൻറ പ്രവർത്തനം എന്നാണ് വിലയിരുത്തൽ. പത്തുലക്ഷം ഡോസ് വാക്സിനാണ് കൊണ്ടുവരുക.രണ്ട് ഡോസുകൾക്കിടയിൽ ഒരു മാസമാണ് ഇടവേള ശിപാർശ ചെയ്തിട്ടുള്ളത്. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ഒരു മാസം വരെ വാക്സിൻ സൂക്ഷിക്കാൻ കഴിയും.ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ച കോവിഡ് വാക്സിന് 85 ശതമാനം വരെയാണ് ഫലപ്രാപ്തിയെന്നാണ് റിപ്പോർട്ട്.

