നിയമലംഘനമായി കണക്കാക്കും; ട്രാഫിക് സിഗ്നലുകളിൽ മൊബൈൽ ഫോൺ വേണ്ട
text_fieldsകുവൈത്ത് സിറ്റി: ട്രാഫിക് സിഗ്നലുകളിൽ കാത്തിരിക്കുമ്പോൾ മൊബൈൽ ഫോൺ നോക്കുന്നവരാണോ? ശീലം മാറ്റിക്കോളൂ. ഇത്തരം പ്രവണതകൾ ഗതാഗത നിയമലംഘനമായി കണക്കാക്കും.
നിയമനടപടികളും നേരിടേണ്ടിവരും. ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് രാജ്യത്തെ ഗതാഗത നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ മാധ്യമ വിഭാഗം ഡയറക്ടർ കേണൽ ഉസ്മാൻ അൽ ഗരിബ് വ്യക്തമാക്കി.
റെഡ് സിഗ്നലിൽ വാഹനം നിശ്ചലമായിരിക്കുമ്പോൾ പോലും ഡ്രൈവിങ്ങിൽ പൂർണ ശ്രദ്ധവേണം. ഈ സമയത്ത് ഡ്രൈവർമാർക്ക് ഫോൺ പിടിക്കാനോ ഉപയോഗിക്കാനോ അനുവാദമില്ല. സിഗ്നലുകളിലെ മൊബൈൽ ഫോൺ ഉപയോഗം ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാനും, പിറകിലുള്ള വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്താനും കാരണമാകും. മുന്നോട്ടു നീങ്ങാനുള്ള സിഗ്നൽ ലഭിച്ചാലും വാഹനങ്ങൾ നിശ്ചലമാവുന്ന അവസ്ഥയുമുണ്ടാക്കും.
നൂതന നിരീക്ഷണ കാമറകളും മന്ത്രാലയത്തിന്റെ സെൻട്രൽ കൺട്രോൾ റൂമും ഇത്തരം പ്രവണതകൾ തുടർച്ചയായി നിരീക്ഷിക്കുകയും തത്സമയം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇവയെ ഗതാഗത നിയമ ലംഘനങ്ങളായി രേഖപ്പെടുത്തി, നിയമ നടപടികൾ സ്വീകരിക്കുമെന്ന് കേണൽ ഗരീബ് വ്യക്തമാക്കി.
നിരത്തുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഡ്രൈവർമാരുടെ ശ്രദ്ധ പ്രധാനമാണ്. ട്രാഫിക് നിയമങ്ങൾ കർശനമാക്കിയതോടെ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞിട്ടുണ്ടങ്കിലും പൊതു സുരക്ഷ ഉറപ്പാക്കാൻ നിരന്തരമായ അവബോധവും ജാഗ്രതയും അനിവാര്യമാണ്. വാഹനമോടിക്കുന്നവർ ഗതാഗത നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്നും ഗരീബ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

