കേരള ബജറ്റിൽ സമ്മിശ്ര പ്രതികരണം
text_fieldsബജറ്റ് പ്രവാസി സൗഹൃദം -ഒ.ഐ.സി.സി
യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രവാസി സമൂഹത്തിന് ഏറെ പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണെന്ന് ഒ.ഐ.സി.സി കുവൈത്ത്. അന്താരാഷ്ട്ര തൊഴിൽ വിപണിയിലെ മാറ്റങ്ങളും പുതിയ തൊഴിൽ അവസരങ്ങളും പ്രവാസികൾക്കും വിദേശ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും വേഗത്തിൽ ലഭ്യമാക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച ഗ്ലോബൽ ജോബ് വാച്ച് ടവർ സഹായമാകും. പ്രവാസികളുടെ ഏറ്റവും വലിയ പ്രതിസന്ധിയായ വിമാന നിരക്കുകളിലെ കൊള്ളയും യാത്രാക്ലേശവും പരിഹരിക്കുന്നതിനായി ഏവിയേഷൻ ഹബ് പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തിയത് പ്രവാസി സമൂഹത്തോടുള്ള സർക്കാറിന്റെ കരുതലിന്റെ തെളിവാണ്.
പ്രവാസികളുടെ സമ്പാദ്യം നാട്ടിൽ സുരക്ഷിതമായി നിക്ഷേപിക്കുന്നതിനായി പ്രഖ്യാപിച്ച ഇൻവെസ്റ്റ് കേരള സെൽ സിംഗിൾ വിൻഡോ ക്ലിയറൻസ് എന്നിവ പ്രവാസി സംരംഭകർക്ക് പുതിയ വാതിലുകൾ തുറക്കും. ഉന്നത വിദ്യാഭ്യാസത്തിനായി ലക്ഷ്യമിടുന്ന കേരള നോളഡ്ജ് വാലി പദ്ധതിയും സ്വാഗതാർഹമാണ്.
നാട്ടിലെ കർഷക കുടുംബങ്ങൾക്ക് താങ്ങായി റബ്ബർ തറവില 250 രൂപയായി ഉയർത്തിയത് പ്രവാസി കുടുംബങ്ങൾക്കും വലിയ ആശ്വാസം പകരും. പ്രവാസി പുനരധിവാസത്തിനും തൊഴിൽ സുരക്ഷക്കും പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാറിന് സാധിക്കുമെന്നും ഒ.ഐ.സി.സി കുവൈത്ത് ആക്ടിംഗ് പ്രസിഡൻറ് ബി.എസ് പിള്ള, ജനറൽ സെക്രട്ടറി എം.എ നിസാം എന്നിവർ അറിയിച്ചു.
പ്രവാസികളെ അവഗണിച്ചു -കല കുവൈത്ത്
കേരള സർക്കാർ ബഡ്ജറ്റ് സാധാരണ ജനവിഭാഗങ്ങളുടെയും പ്രവാസി സമൂഹത്തിന്റെയും പ്രതീക്ഷകൾ തകർക്കുന്നതാണെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത്.
വിലക്കയറ്റവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരുന്ന പദ്ധതികൾ ബജറ്റിൽ പര്യാപ്തമായി ഉൾപ്പെടുത്തിയിട്ടില്ല. അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകിയ കിഫ്‌ബിയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ക്ഷേമ പെൻഷൻ, സ്ത്രീ സുരക്ഷ പദ്ധതി, ലൈഫ്മിഷൻ പദ്ധതി, വയനാട് ടൗൺഷിപ്പ് പ്രോജക്ട് എന്നിവയെ കുറിച്ച് പരാമർശിച്ചിട്ടില്ല. തൊഴിലാളികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ തുടങ്ങി അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ കാണാനായില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
പ്രവാസി സമൂഹത്തെ ബജറ്റ് പൂർണമായും അവഗണിച്ചു. പ്രവാസികളുടെ ക്ഷേമം, പുനരധിവാസം, നിക്ഷേപ സംരക്ഷണം, തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവർക്കുള്ള സഹായ പദ്ധതികൾ എന്നിവക്ക് യാതൊരു പ്രാധാന്യവും നൽകിയിട്ടില്ല. പ്രവാസി ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയിട്ടും, അതിന് പരിഹാരം കാണുന്നതിനോ ഉടൻ വിതരണം ചെയ്യുന്നതിനോ ആവശ്യമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ലാത്തത് പ്രതിഷേധാർഹമാണ്. പ്രവാസി ക്ഷേമ പെൻഷൻ വിതരണം പുന:സ്ഥാപിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കല പ്രസിഡന്റ് അൻസാരി കടക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ ആവശ്യപ്പെട്ടു.
പ്രവാസികളെ അവഗണിച്ച ബജറ്റ് -ഐ.എം.സി.സി
കേരള ബജറ്റിൽ പ്രവാസികളെ അവഗണിച്ചതായി ഐ.എം.സി.സി. ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുതുന്നതായും, പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കും പ്രവാസി പെൻഷൻ പദ്ധതിക്കും കൂടുതൽ തുക ബജറ്റിൽ ഉൾപ്പെടുത്തണമെന്നും ഐ.എം.സി.സി ആവശ്യപ്പെട്ടു. പ്രവാസികളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഉതകുന്ന യാതൊരുവിധ ക്ഷേമ പദ്ധതികളൊന്നും യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റിൽ ഇല്ല. വി.ഡി സതീശൻ സർക്കാരിൻറെ ആദ്യ ബജറ്റിൽ വലിയ പ്രഖ്യാപങ്ങൾക്കായി പ്രതീക്ഷയോടെയാണ് പ്രവാസലോകം കാത്തിരുന്നത്. എന്നാൽ പ്രവാസികളെ പാടെ അവഗണിച്ച ബജറ്റാണിതെന്നും ഐ.എം.സി.സി ജി.സി.സി രക്ഷാധികാരി സത്താർ കുന്നിൽ, ഐ.എം.സി.സി കുവൈത്ത് പ്രസിഡന്റ് ഹമീദ് മധൂർ ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി എന്നിവർ അഭിപ്രായപ്പെട്ടു.
മുൻ സർക്കാരുകൾ പ്രവാസി ക്ഷേമ പദ്ധതികൾക്കും നോർക്കക്കുമായി കോടിക്കണക്കിന് രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ ഇത്തവണത്തെ ബജറ്റിൽ ഫണ്ട് വകയിരുത്തുകയോ ക്ഷേമപ്രവർത്തനങ്ങളോ പരാമർശിച്ചില്ലന്നും ചൂണ്ടികാട്ടി.
പ്രവാസി സമൂഹത്തെ അവഗണിച്ച ബജറ്റ് - ഒ.എൻ.സി. പി
ബഡ്ജറ്റിൽ പ്രവാസി സമൂഹത്തെ അവഗണിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ഒ.എൻ.സി. പി. ഇടത് സർക്കാർ അവസാന ബഡ്ജറ്റിൽ പോലും പ്രവാസി കാര്യങ്ങൾക്ക് 200കോടി വകയിരുത്തിയിരുന്നു. നോർക്ക എന്നത് ബജറ്റിൽ ഉച്ചരിച്ചിട്ടില്ല. ലോക കേരള സഭക്ക് യാതൊരു തുകയും വകയിരുത്തിയിട്ടില്ല. പ്രവാസി ക്ഷേമനിധിക്ക് ഒരു സഹായവും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. പ്രവാസി പുനരധിവാസത്തിനും, ക്ഷേമത്തിനും കാര്യമായ തുക ഇല്ല. ഗൾഫ് മേഖലയിൽ നിന്ന് ഉൾപ്പടെ നിരവധി പ്രവാസികൾ തൊഴിൽ നഷ്‌ടപ്പെട്ട് തിരിച്ചുവരുന്ന സാഹചര്യത്തിൽ കേരള സർക്കാർ അവരെ സഹായിക്കാൻ തയ്യാറാകണം.
പ്രവാസികളോടുള്ള ഈ അവഗണന അത്യന്തം പ്രതിഷേധാർഹമാണന്ന് എൻ.സി.പി.എസ്.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്, ട്രഷർ ബിജു സ്റ്റീഫൻ, കുവൈത്ത് ചാപ്റ്റർ പ്രസിഡൻ്റ് ജീവ്സ് എരിഞ്ചേരി,ജനറൽ സെക്രട്ടറി കെ.വി.അരുൾരാജ് എന്നിവർ അറിയിച്ചു.
പ്രവാസി പ്രഖ്യാപനങ്ങളിൽ വ്യക്തത വേണം -ഐ.സി.എഫ്
ബജറ്റ് സാമൂഹിക ക്ഷേമവും വികസനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) വിലയിരുത്തി. എന്നാല്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയും വ്യാപ്തിയും ആവശ്യമുണ്ടെന്ന് ഐ.സി.എഫ് പറഞ്ഞു.
പ്രവാസി ക്ഷേമ പദ്ധതികളുടെ വിപുലീകരണം, തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായുള്ള തൊഴില്‍, സംരംഭകത്വ സഹായ പദ്ധതികള്‍, പ്രവാസി കുടുംബങ്ങളുടെ സാമൂഹിക സുരക്ഷ, വിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക വിദ്യാഭ്യാസ പിന്തുണ, ആരോഗ്യ ഇന്‍ഷ്വറന്‍സ് സംവിധാനങ്ങളുടെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു.
എന്നാൽ പ്രവാസികള്‍ക്ക് നാട്ടില്‍ സുരക്ഷിതമായി നിക്ഷേപം നടത്താനും വ്യവസായങ്ങള്‍ ആരംഭിക്കാനും സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സോടു കൂടി ‘ഇന്‍വെസ്റ്റ് കേരള സെല്‍', ‘സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് സോണ്‍' എന്നിവ പ്രഖ്യാപിച്ചത് വലിയ ചുവടുവെപ്പാണ്. ‘നോളജ് വാലി' ദൗത്യം പ്രവാസി മലയാളി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണെന്നും ഐ.സി.എഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

