സഹകരണ സംഘങ്ങളിൽ കാർഷിക ഉൽപന്നങ്ങൾ 75 ശതമാനം തദ്ദേശീയമാകണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കാർഷിക ഉൽപന്നങ്ങൾ 75 ശതമാനം തദ്ദേശീയമാകണമെന്ന് മന്ത്രിസഭ മാർഗനിർദേശം.
പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാൻ സഹകരണ സംഘങ്ങൾ മൊത്തം വിസ്തൃതിയുടെ 30 ശതമാനം സ്ഥലം നീക്കിവെക്കണം.
ഉൽപന്നങ്ങൾ അംഗീകൃത മാർക്കറ്റിങ് കേന്ദ്രങ്ങളിൽനിന്ന് പ്രതിദിന ലേലത്തിൽനിന്ന് നേരിട്ട് വാങ്ങണം. സഹകരണ സംഘങ്ങൾ ഒരു ജീവനക്കാരനെ ലേലത്തിൽ പങ്കെടുക്കാൻ നിയോഗിക്കണം. കുവൈത്തി തൊഴിലാളികൾക്ക് ഇതിൽ പ്രാധാന്യം നൽകണം.
എല്ലാ പ്രാദേശിക ഉൽപന്നങ്ങളുടെയും വിലപട്ടിക സുതാര്യമായി പ്രദർശിപ്പിക്കണം. പ്രാദേശിക കാർഷിക ഉൽപന്നങ്ങളിൽ പരമാവധി 20 മാത്രമേ ലാഭം എടുക്കാവൂ. ന്യായ വിലയിൽ ഇവ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതോടെ വിൽപന ഉയരുകയും കർഷകർക്ക് ഇതിന്റെ മെച്ചം ലഭിക്കുകയും ചെയ്യും എന്നാണ് വിലയിരുത്തൽ.
മറ്റ് ഉൽപന്നങ്ങളിൽ ബാധകമായ നിയന്ത്രണങ്ങളിൽ നിന്ന് പ്രാദേശിക ഉൽപന്നങ്ങൾ ഒഴിവാക്കും. നിർദേശങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ സഹകരണ സംഘങ്ങളിൽ നിരീക്ഷണം ശക്തമാക്കും.
ഇതിനായി സാമൂഹിക ക്ഷേമ മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, കാർഷിക അതോറിറ്റി, സഹകരണ സൊസൈറ്റികളുടെ യൂനിയൻ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതി രൂപവത്കരിക്കും.
കാർഷിക മേഖലക്ക് പിന്തുണയും പ്രോത്സാഹനവും നൽകുക, പ്രദേശിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, തദ്ദേശീയ ഉൽപന്നങ്ങളുടെ ലഭ്യത വർധിപ്പിക്കുക, ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

