വേനൽക്കാല മുന്നൊരുക്കം തുടങ്ങി ജല, വൈദ്യുതി മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: വേനൽക്കാലത്തിനായുള്ള തയാറെടുപ്പിന്റെ ഭാഗമായി വൈദ്യുതി, ജല മന്ത്രാലയം പവർ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണി ഏകദേശം 30 ശതമാനം പൂർത്തിയാക്കി. പവർ പ്ലാന്റ്സ് ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ ആക്ടിങ് അസി.അണ്ടർ സെക്രട്ടറി എൻജിനീയർ ഹൈതം അൽ-അലിയാണ് ഇക്കാര്യം അറിയിച്ചത്.
വേനലിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ മന്ത്രാലയം വിശദമായ പദ്ധതിയും സമയക്രമവും ആവിഷ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച പ്രവൃത്തി ജൂണിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 1000 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ധാരണയായിട്ടുണ്ട്. അന്തരീക്ഷ താപനില കൂടുന്നതിനനുസരിച്ച് സാധാരണഗതിയിൽ മേയ് മാസത്തോടെയാണ് രാജ്യത്ത് വൈദ്യുതി ഉപയോഗം കൂടാറ്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഈ പ്രതിഭാസം കൂടിക്കൊണ്ടിക്കും.
പുതിയ ചില പദ്ധതികൾ വഴിയുള്ള ഉൽപാദനം കൂടിയതിനാൽ ഈ വർഷവും രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിശ്വാസം. മന്ത്രാലയത്തിന്റെ നടപടികൾക്കൊപ്പം മിതവ്യയത്തിലൂടെ ജനങ്ങളുടെ സഹകരണവുമുണ്ടെങ്കിൽ ഈ വരാനിരിക്കുന്ന മധ്യവേനലും പ്രതിസന്ധിയില്ലാതെ മറികടക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഭൂമിക്കടിയിലെ കേടുവന്ന വൈദ്യുതി വിതരണ കേബിളുകൾ മാറ്റി സ്ഥാപിക്കുകയും അവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.തീപിടിത്തം പോലുള്ള അപകടം നേരിടുന്നത് പരിശീലിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച നാഷനൽ ഗാർഡ് ദോഹ വെസ്റ്റ് പവർ പ്ലാന്റിൽ ഒഴിപ്പിക്കൽ അഭ്യാസം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

