പുതിയ സംവിധാനമൊരുക്കി മാനവവിഭവശേഷി മന്ത്രാലയം; തൊഴിൽ പരാതികൾക്ക് എല്ലാ ഗവർണറേറ്റുകളിലും സേവനം
text_fieldsകുവൈത്ത് സിറ്റി: തൊഴിലാളികളുടെ വിഷയങ്ങൾ കേൾക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ (പി.എ.എം) ലേബർ റിലേഷൻസ് വകുപ്പ്. ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്.എം.ഇ)ക്കെതിരെ ഫയൽ ചെയ്യുന്ന തൊഴിൽ പരാതികൾ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി പുതിയ സംവിധാനം ആരംഭിച്ചു.
തൊഴിൽ സംവിധാനം വികസിപ്പിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.
എല്ലാ ഗവർണറേറ്റുകളിലെയും തൊഴിൽ അനുബന്ധ വകുപ്പുകൾ വഴി പുതിയ സംവിധാനത്തിലൂടെ പരാതികൾ നൽകാം. പരാതികളുടെ എണ്ണം കുറക്കൽ കേസുകളുടെ നീതിയുക്തവും കൂടുതൽ സംഘടിതവുമായ വിതരണം ഉറപ്പാക്കൽ എന്നിവക്ക് ഇത് സഹായിക്കും. നേരത്തെ മുബാറക് അൽ കബീറിൽ മാത്രമായി പരാതികൾ കേന്ദ്രീകരിച്ചിരുന്നു.
പുതിയ സൗകര്യം തൊഴിലാളികളുടെ സമയവും പരിശ്രമവും ലാഭിക്കുന്നതിനും തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നത് വേഗത്തിലാക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിൽ കൂടുതൽ വേഗതയും വഴക്കവും കൈവരിക്കുന്നതിനും സഹായിക്കും.
ഓരോ കേസിന്റെയും സ്വഭാവവും അതിന്റെ രജിസ്ട്രേഷൻ ഉറവിടവും കണക്കിലെടുത്താകും നടപടികൾ സ്വീകരിക്കുക.
ഇത് തൊഴിൽ ബന്ധങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുകയും തൊഴിൽ വിപണിയുടെ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

