നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രാലയം; പൊതുപരിപാടികൾക്ക് അനുമതി നിർബന്ധം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദ്യാലയങ്ങളിൽ നടക്കുന്ന പൊതുപരിപാടികൾക്ക് അനുമതി കർശനമാക്കി അധികൃതർ. അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിച്ച സ്കൂൾ ഉദ്യോഗസ്ഥരെ വിദ്യാഭ്യാസ മന്ത്രാലയം സസ്പെൻഡ് ചെയ്തു. രണ്ട് സംഭവങ്ങളിൽ അടിയന്തര അന്വേഷണം ആരംഭിച്ചു.
ബന്ധപ്പെട്ട വകുപ്പുകളുടെ മുൻകൂർ അനുമതിയില്ലാതെ സ്കൂളുകളിൽ പരിപാടികൾ നടത്താൻ പാടില്ല. സ്കൂൾ അധികാരികൾ നിയമങ്ങളും മന്ത്രിതല ചട്ടങ്ങളും കർശനമായി പാലിക്കണം. സ്കൂളുകളിൽ നടക്കുന്ന പരിപാടികൾ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതും മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതും ആണെന്ന് ഉറപ്പാക്കണം. നിർദേശങ്ങളും നടപടിക്രമങ്ങളും ലംഘിക്കുന്നത് അനുവദിക്കില്ല. നിയമലംഘനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരത്തെയും അന്തസ്സിനെയും ദുർബലപ്പെടുത്തുന്ന ഗുരുതരമായ ലംഘനങ്ങളായി കണക്കാക്കുമെന്നും മുന്നറിയിപ്പു നൽകി.
അതേസമയം, വിദ്യാഭ്യാസ മന്ത്രാലയം നിയമം കർശനമാക്കിയതോടെ മലയാളി സംഘടനകൾ അടക്കമുള്ളവ പ്രതിസന്ധിയിലായി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നുവരുകയാണ്. ഭൂരിപക്ഷം സംഘടനകളും സ്കൂളുകളിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. അടുത്ത ആഴ്ചകളിൽ വിവിധ സംഘടനകൾ പരിപാടികൾ പ്രഖ്യാപിക്കുകയും അതിഥികളെ അടക്കം ബുക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. പുതിയ പശ്ചാത്തലത്തിൽ പരിപാടികൾക്ക് തടസ്സം നേരിടുമോ എന്ന ആശങ്കയിലാണ് സംഘടനകൾ. ചില സ്കൂളുകൾ സംഘടനകളോട് പരിപാടി ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.
കഴിഞ്ഞ വർഷവും ഓണാഘോഷ സമയത്ത് ഇതേ പ്രശ്നം നിലനിന്നിരുന്നു. തുടർന്ന് പല സംഘടനകളും പരിപാടികളും റദ്ദാക്കുകയോ നീട്ടീവെക്കുകയോ ചെയ്തു. സ്കൂളുകളിൽ നിന്ന് ഹോട്ടലുകളിലേക്ക് പരിപാടികൾ മാറ്റിയവരും ഉണ്ട്.
എന്നാൽ അനുമതി ലഭിച്ചശേഷം പരിപാടികൾ നടത്തുന്നതിന് തടസ്സമില്ല. ഇതിന് സ്കൂൾ അധികൃതർ തന്നെ സൗകര്യം ചെയ്തുകൊടുക്കുന്നുമുണ്ട്. അനുമതി ലഭിച്ചാലും സംഘാടകർ, കൃത്യമായ സുരക്ഷ ചട്ടങ്ങൾ പരിപാടി നടക്കുന്ന ഹാളിൽ ക്രമീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

