കമ്യൂണിക്കേഷൻ മന്ത്രാലയം യോഗം ചേർന്നു; സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ വരുന്നു
text_fieldsകുവൈത്ത് സിറ്റി: സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി വിപുലീകരിക്കുമെന്ന് കമ്യൂണിക്കേഷൻ അഫേഴ്സ് കാര്യ സഹമന്ത്രി ഒമർ അൽ ഒമർ. സഹൽ ആപ്പിൽ പുതിയ സേവനങ്ങൾ ആരംഭിക്കുമെന്നും അടുത്ത ഘട്ടത്തിൽ ഡേറ്റ എക്സ്ചേഞ്ച്, ടെക്നിക്കൽ ലിങ്കേജ് എന്നിവയിലൂടെ സർക്കാർ ഏജൻസികൾ തമ്മിലുള്ള സംയോജനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ അവലോകനം ചെയ്യുന്നതിനുമായി കമ്യൂണിക്കേഷൻ മന്ത്രാലയം സഹൽ ആപ് എക്സിക്യൂട്ടിവ് കമ്മിറ്റിയുമായി വിപുലമായ യോഗം ചേർന്നതായും ഒമർ അൽ ഒമർ പറഞ്ഞു. ഡിജിറ്റൈസേഷൻ വെറുമൊരു സാങ്കേതിക പ്രക്രിയയല്ല, സേവനം നൽകുന്ന രീതിയിലുള്ള സമഗ്രമായ മാറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. സഹൽ കമ്മിറ്റിക്ക് സർക്കാറിന്റെ പൂർണ പിന്തുണയും അറിയിച്ചു. വിവിധ രംഗത്ത് നടത്തിയ ശ്രമങ്ങളെയും പ്രശംസിച്ചു.
രാജ്യത്തെ ബിസിനസ് മേഖലയെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി സംരംഭകർക്കും കമ്പനികൾക്കും ഇടപാടുകൾ എളുപ്പത്തിലും ഫലപ്രദമായും പൂർത്തിയാക്കാൻ സഹൽ ബിസിനസ് ആപ്പിന്റെ സാധ്യതകളെയും സൂചിപ്പിച്ചു.
രാജ്യത്ത് ഇ-ഗവൺമെന്റ് സേവനങ്ങൾക്കായി രൂപവൽക്കരിച്ച കേന്ദ്രീകൃത പ്ലാറ്റ്ഫോമാണ് സഹൽ. സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിലും വിവിധ സർക്കാർ സേവനങ്ങൾ ഒരിടത്തുനിന്ന് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിലും സഹൽ ആപ് പ്രധാന പങ്കുവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

