കുവൈത്തിൽ പരിക്കേറ്റവരെ മന്ത്രി സന്ദർശിച്ചു; രാജ്യസുരക്ഷ പ്രധാന മുൻഗണന
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൂദ് അസ്സബാഹ് പരിക്കേറ്റവരെ സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് പ്രധാന മുൻഗണനയെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൂദ് അസ്സബാഹ്. ദേശീയ സ്ഥിരത സംരക്ഷിക്കുന്നതിലും സുപ്രധാന സ്ഥലങ്ങൾ സംരക്ഷിക്കുന്നതിലും രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഉറച്ചുനിൽക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ആക്രമണത്തെ തുടർന്ന് കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനിടെ പരിക്കേറ്റ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരെ സന്ദർശിക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം. ആശുപത്രി സന്ദർശിച്ച ശൈഖ് ഫഹദ് പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും ചികിൽസ അവലോകനം ചെയ്യുകയും ചെയ്തു. പരിക്കേറ്റവർ പൂർണ്ണമായി സുഖം പ്രാപിക്കുന്നതുവരെ ആവശ്യമായ എല്ലാ പിന്തുണയും ചികിത്സയും ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
സന്ദർശന വേളയിൽ, കുവൈത്ത് അമീറും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെയും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിന്റെയും ആശംസകളും അഭിനന്ദനങ്ങളും ശൈഖ് ഫഹദ് അറിയിച്ചു. രാജ്യ പ്രതിരോധത്തിൽ പരിക്കേറ്റ സൈനികർ നടത്തിയ ത്യാഗങ്ങളിൽ നേതൃത്വം അഭിമാനിക്കുന്നതായും വ്യക്തമാക്കി.
പരിക്കേറ്റ ഉദ്യോഗസ്ഥർ കാണിച്ച ധൈര്യത്തെയും, സമർപ്പണത്തെയും, അചഞ്ചലതയെയും മന്ത്രി പ്രശംസിച്ചു. അവരുടെ ത്യാഗങ്ങൾ ദേശീയ അഭിമാനത്തിന്റെ ഉറവിടമാണെന്നും മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള സമർപ്പണത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. നേതൃത്വവും പൗരന്മാരും തമ്മിലുള്ള ഐക്യത്തിന്റെയും സുരക്ഷാ സേനയുടെ ജാഗ്രതയുടെയും ഫലമാണ് രാജ്യത്തിന്റെ സുരക്ഷയെന്നു പറഞ്ഞ ശൈഖ് ഫഹദ് പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

