രാജ്യംകാത്ത പ്രതിരോധം; സുരക്ഷ വിഭാഗങ്ങൾക്ക് മന്ത്രിയുടെ പ്രശംസ
text_fieldsശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്
കുവൈത്ത് സിറ്റി: ഇറാന്റെയും അനുബന്ധ വിഭാഗങ്ങളുടെയും ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച സുരക്ഷാ വിഭാഗങ്ങൾക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ പ്രശംസ. സൈന്യം, പൊലീസ്, നാഷണൽ ഗാർഡ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
ഇറാൻ മിസൈലുകളും ഡ്രോണുകളും ചെറുക്കുന്നതിലും, ഹീനമായ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിലും, രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിലും സുരക്ഷാ വിഭാഗങ്ങൾ ഉയർന്ന പ്രതിരോധ കാര്യക്ഷമത കാണിച്ചതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യം ഇറാന്റെ ആക്രമണങ്ങൾക്ക് വിധേയമായിട്ടില്ല. സുരക്ഷാ സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണ്.
എല്ലാ ഏജൻസികളും അതീവ ജാഗ്രതയിലാണ്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സാഹചര്യം തികച്ചും ആശ്വാസകരമാണെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തിനും ജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കൽ, എല്ലാ സംഭവവികാസങ്ങളിലും പൂർണ്ണ തയ്യാറെടുപ്പും ഉടനടി പ്രതികരണവും ഉറപ്പാക്കൽ എന്നിവക്കായി 24 മണിക്കൂറും പ്രവർത്തിക്കേണ്ടതിന്റെയും പ്രധാന്യം രാഷ്ട്രീയ നേതൃത്വം ഉണർത്തിയതായും അദ്ദേഹം പറഞ്ഞു. ‘ദേശീയ ഐക്യമാണ് നമ്മുടെ പ്രതിരോധ മുന്നണി, യോജിപ്പാണ് വെല്ലുവിളികളെ നേരിടുന്നതിനും പ്രതിസന്ധികളെ പരാജയപ്പെടുത്തുന്നതിനുമുള്ള യഥാർത്ഥ ഉറപ്പ്’ എന്ന് അമീർ ഊന്നിപ്പറഞ്ഞതായി അദ്ദേഹം ഉദ്ധരിച്ചു.
ദേശീയ ഐക്യം, സാമൂഹിക ഘടന, സാമൂഹിക ഐക്യം, ദേശീയ സുരക്ഷ, സ്ഥിരത എന്നിവയെ ദുർബലപ്പെടുത്താനോ അപകടപ്പെടുത്താനോ ആരെയും അനുവദിക്കില്ലെന്ന് ശൈഖ് ഫഹദ് മുന്നറിയിപ്പ് നൽകി. ഇത്തരക്കാർ കർശന നിയമ നടപടികൾ നേരിടേണ്ടിവരും. രാജ്യത്ത് അടുത്തിടെ നടന്ന തീവ്രവാദ സെല്ലുകളുടെ അറസ്റ്റ് കുവൈത്തിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും, വിദേശ പാർട്ടികളുമായും ഗ്രൂപ്പുകളുമായും ബന്ധമുള്ള പൗരന്മാരുടെ പങ്കാളിത്തം പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

