പകൽ ഇളം ചൂട്, രാത്രിയിൽ തണുപ്പ്, രാജ്യത്ത് സുന്ദര കാലാവസ്ഥ
text_fieldsകുവൈത്ത് സിറ്റി: പകൽ ഇളം ചൂടും രാത്രിയിൽ തണുപ്പുമായി രാജ്യത്ത് സുഖകരമായ കാലാവസ്ഥ. ഏതാനും ദിവസങ്ങൾകൂടി മിതമായ കാലവസ്ഥ തുടരും.
അടുത്ത ആഴ്ചയും പകൽ നേരിയ ചൂടുള്ള താപനിലയും രാത്രിയിൽ തണുപ്പുമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള ഉയർന്ന മർദത്തിന്റെ വ്യാപനത്തിന്റെയും താരതമ്യേന മിതമായതും വരണ്ടതുമായ വായു പിണ്ഡത്തിന്റെയും സ്വാധീനത്തിലാണ് നിലവിൽ രാജ്യമെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. കാറ്റിനൊപ്പം താപനിലയിലും നേരിയതോ മിതമായതോ ആയ മാറ്റങ്ങൾ ഉണ്ടാകും.
വെള്ളിയാഴ്ച പകൽ താപനില 26 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 12-38 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാം. രാത്രി തണുപ്പും താപനിലയിൽ കുറവുമുണ്ടാകും. കുറഞ്ഞ താപനില 11-13 ഡിഗ്രി സെൽഷ്യസിനിടയിലാകും. മണിക്കൂറിൽ എട്ടു മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ തണുത്ത കാറ്റ് വീശും. കടൽ നേരിയതോ മിതമായതോ ആയിരിക്കും.
വ്യാഴാഴ്ച പകൽ കാലാവസ്ഥ മിതമായതും രാത്രി തണുപ്പുനിറഞ്ഞതുമായിരുന്നു. വടക്കുപടിഞ്ഞാറൻ കാറ്റും സജീവമായി. അതേസമയം, രാജ്യത്ത് കഴിഞ്ഞ ആഴ്ച മുതൽ രാവിലെയും രാത്രിയും തണുപ്പ് അനുഭവപ്പെടുന്നുണ്ട്. കനത്ത മൂടൽ മഞ്ഞിനും രാജ്യം സാക്ഷിയായി. ഇത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചിരുന്നു.
നിലവിൽ മഞ്ഞുനീങ്ങുകയും വിമാനത്താവള പ്രവർത്തനം സുഗമമായി നടക്കുകയും ചെയ്യുന്നുണ്ട്. താപനിലയിൽ ക്രമാനുഗതമായ കുറവുവന്നു ഡിസംബർ 10ഓടെ കനത്ത തണുപ്പിലേക്ക് രാജ്യം പ്രവേശിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

