വിനോദവും വിപണിയും ഒരുമിപ്പിച്ച് മിക്ഷാത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ വിനോദസഞ്ചാരമേഖലക്കും വിനോദത്തിനും പിന്തുണയുമായി മിക്ഷാത്- 2 വരുന്നു. ജാബിർ കോസ്വേയിലെ നോർത്ത് ഐലൻഡിലാണ് കിയോസ്ക് പ്രോജക്ട് (മിക്ഷാത്- 2) എന്ന പേരിൽ പുതിയ പദ്ധതി. സാമൂഹികകാര്യ മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറിയും ദേശീയ സഹകരണ പദ്ധതികളുടെ കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് സാരി അൽ മുതൈരി പദ്ധതി പ്രഖ്യാപിച്ചു. ദിവസവും 3,500 സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലവും നവീനവുമായ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാകും മിക്ഷാത്- 2. ഉച്ചകഴിഞ്ഞ് മൂന്നുമുതൽ രാത്രി 11 വരെയാകും പ്രവർത്തനം.
സാമൂഹികകാര്യ മന്ത്രി ശൈഖ് ഫെറാസ് അസ്സബാഹിന്റെ മാർഗനിർദേശത്തിനും പിന്തുണക്കും അനുസൃതമായാണ് ഈ സംരംഭമെന്ന് മുതൈരി പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ, സന്നദ്ധ സംഘങ്ങൾ എന്നിവയുമായി സഹകരിച്ചാകും പ്രവർത്തനം. ഈ സ്ഥാപനങ്ങൾക്ക് അവരുടെ സേവനങ്ങൾ പ്രദർശിപ്പിക്കുന്നതിനും ബോധവത്കരണ, വിദ്യാഭ്യാസ ശിൽപശാലകൾ നടത്തുന്നതിനും ഇടങ്ങളും സ്ലോട്ടുകളും നൽകും.
കുവൈത്തിന്റെ ചരിത്രം, പൈതൃകം, സാംസ്കാരിക മാനം, സൗന്ദര്യം എന്നിവ പ്രതിഫലിപ്പിക്കുന്നതാകും നിർമിതികൾ. സന്ദർശകർക്കുള്ള ഹട്ടുകൾ, ഷോപ്പിങ് ഏരിയ, റെസ്റ്റാറന്റ്, കഫേകൾ, സിനിമാ തിയറ്റർ, കുട്ടികളുടെ ഗെയിമുകൾ, മൃഗശാല, മറ്റ് കൗതുകവും ആശ്ചര്യങ്ങളും പ്രകടമാക്കുന്ന വസ്തുക്കൾ എന്നിവ ഉൾക്കൊള്ളുന്നതാകും പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

