ജഹ്‌റ റിസർവിൽ ചെറിയ ഫ്ലമിംഗോയും; അതിർത്തികൾ പറന്നെത്തി പക്ഷികൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സീസണൽ മാറ്റത്തിനൊപ്പം ദേശാടന പക്ഷികളും കൂടുതലായി എത്തിതുടങ്ങി. തീരപ്രദേശങ്ങളിലും ജഹ്‌റ നേച്ചർ റിസർവിലും പക്ഷികളുടെ സാന്നിദ്ധ്യം വർധിച്ചിട്ടുണ്ട്. ജലാശയങ്ങളും ചെളി നിറഞ്ഞ തീരപ്രദേശങ്ങളും, ഭക്ഷണം തേടുന്നതിനും വിശ്രമിക്കുന്നതിനും അനുയോജ്യമായ ആവാസവ്യവസ്ഥയും ഉള്ളതിനാലും ജഹ്‌റ നേച്ചർ റിസർവ് പക്ഷികൾക്ക് തെരഞ്ഞെടുക്കാറുണ്ട്.
ജഹ്‌റ നേച്ചർ റിസർവിൽ വലിയ ഫ്ലമിംഗോകൾക്കൊപ്പം (ഗ്രേറ്റർ ഫ്ലമിംഗോ) ചെറിയ ഫ്ലമിംഗോയെയും കഴിഞ്ഞ ദിവസം കണ്ടെത്തി. രാജ്യത്ത് ഇത്തരത്തിലുള്ളവ കാണപ്പെടുന്നത് അപൂർവമാണ്.
ചെറിയ ഫ്ലമിംഗോ വലിപ്പത്തിൽ ചെറുതും കൂടുതൽ പിങ്ക് നിറമുള്ളതുമാണ്. ഇവയുടെ കൊക്ക് കടും ചുവപ്പ് നിറത്തിലുള്ളതും അറ്റം കറുത്തതുമാണ്. ‘ഗ്രേറ്റർ ഫ്ലമിംഗോ' കൂടുതൽ ഉയരമുള്ളതും, ഇളം നിറത്തിലുള്ള കൊക്കുള്ളതുമാണ്. ഇവയുടെ കൊക്കിന്റെ അറ്റവും കറുത്ത നിറത്തിലായിരിക്കും.
ഈ രണ്ട് ഇനങ്ങളെയും കുവൈത്തിൽ ഒന്നിച്ച് കാണുന്നത് അപൂർവ്വമാണെന്ന് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ സൊസൈറ്റി എൻവയോൺമെന്റൽ ഫോട്ടോഗ്രാഫി ടീം മേധാവി സമീറ അൽ ഖലീഫ പറഞ്ഞു.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റെഡ് ലിസ്റ്റിൽ ലെസ്സർ ഫ്ലമിംഗോകളെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറിയ ജലജീവികളെയാണ് ഫ്ലമിംഗോകൾ ഭക്ഷിക്കുന്നത്. വെള്ളത്തിൽ നിന്നും അവശിഷ്ടങ്ങളിൽ നിന്നും ഭക്ഷണം കണ്ടെത്താൻ പ്രത്യേക കൊക്കുകൾ ഉപയോഗിക്കുന്നു.
ഫ്ലമിംഗോകൾ കാലുകൾ ഉപയോഗിച്ച് ചളിയുടെ ഉപരിതല പാളികൾ ഇളക്കുന്നതും മറ്റ് ജീവികൾക്ക് ആവശ്യമായ ജൈവവസ്തുക്കളും പോഷകങ്ങളും പുറത്തുവിടുകയും ചെയ്യുന്നത് ആഴം കുറഞ്ഞ തണ്ണീർത്തടങ്ങൾ സ്വാഭാവിക സന്തുലിതാവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്നു.
എന്നാൽ, തണ്ണീർത്തടങ്ങളുടെ നാശം, ജലനിരപ്പിലും ലവണാംശത്തിലും വരുന്ന മാറ്റങ്ങൾ, മലിനീകരണം, ചില ഭക്ഷണ, പ്രജനന കേന്ദ്രങ്ങളുടെ കുറവ് എന്നിവ ഇവക്ക് വെല്ലുവിളിയാണ്. പ്രകൃതിദത്ത ആവാസ വ്യവസ്ഥകളുടെ സംരക്ഷണം, മലിനീകരണം ഒഴിവാക്കൽ, കൈയേറ്റം തടയൽ എന്നിവ ഈ കാര്യത്തിൽ പ്രധാനമാണ്.

